റോഡരികിൽ സ്കൂട്ടർ നിർത്തിയിടുമ്പോൾ പിന്നാലെ വന്ന കണ്ടെയ്നർ ലോറിയിടിച്ച് നഴ്സിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മംഗളൂരു: റോഡ് അരികിൽ സ്കൂട്ടർ നിർത്തിയിടുമ്പോൾ പിന്നാലെ വന്ന കണ്ടെയ്നർ ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മൊദൻകാപു സ്വദേശി മെൽറോയ് ഷോൺ ഡിസൂസ (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മംഗളൂരു ബൽമട്ടയിൽ ആണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ ജിഎൻഎം വിദ്യാർത്ഥിയായിരുന്നു.കദ്രി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം വെൻലോക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബാനം ചെന്നക്കോട്ടെ എസ്.കെ ദാമോദരൻ അന്തരിച്ചു; സംസ്കാരം നാളെ

കരിന്തളം: ബാനം ചെന്നക്കോട്ടെ എസ്.കെ.ദാമോദരൻ (74) അന്തരിച്ചു. സംസ്കാരം നാളെ 12ന്. ഭാര്യ: കെ.വി ലീല. മക്കൾ: കെ.വി.മണികണ്ഠൻ, ചിത്രലേഖ (അധ്യാപിക, ലിറ്റിൽ ഫ്ളവർ സ്‌കൂൾ കാഞ്ഞങ്ങാട്), പ്രിയ (അധ്യാപിക, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂൾ കാഞ്ഞങ്ങാട്). മരുമക്കൾ: കെ.വി.കൃഷ്ണൻ (ബിഎസ്എൻഎൽ), പിവി മോഹനൻ (സെക്രട്ടറി, ലീഗൽ സർവീസസ് കമ്മിറ്റി, ഹൊസ്‌ദുർഗ്), സ്വ‌പ്ന. സഹോദരങ്ങൾ: രാഘവൻ, ബാബു, ഓമന.

കളക്ടറുടെ ഇടപെടൽ; ഐങ്ങോത്ത് അപകടാവസ്ഥയിലായ വൈദ്യുത തൂൺ സുരക്ഷിതമാക്കി

കാസർകോട്: കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിൽ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് സുരക്ഷിതമാക്കുന്നതിന് ജില്ലാ കലക്ടർ അടിയന്തരമായി ഇടപെട്ടു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അടിയന്തര നടപടിക്ക് ദേശീയപാത നിർമ്മാണ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. തൂണിന്റെ അപകടാവസ്ഥയിലുള്ള പ്രദേശത്ത് മണ്ണിട്ട് സുരക്ഷിതമാക്കി പോസ്റ്റ് സംരക്ഷിച്ചു. ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലായിരുന്നു തൂൺ. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ ആണ് ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ ആണെന്ന് വിവരം ജില്ലാ കളക്ടറെ അറിയിച്ചത്.

ലഹരിക്കടിമയായ 30കാരൻ മാതാവിനെ ബലാത്സംഗം ചെയ്തു

കൊച്ചി : ആലുവയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ  ബലാത്സംഗം ചെയ്തതായി പരാതി. നിരന്തരം പീഡിപ്പിച്ചതോടെ  മാതാവ്   പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് 30 കാരനായ മകനെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.  പ്രാഥമികാന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്ത മകനെ റിമാൻഡ് ചെയ്തു. നേരത്തെ മാതാവിനെ ഉപദ്രവിക്കുന്നതായി  പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു..