ബംഗ്‌ളൂരു: മുംബൈയിലെ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഷേയ്ഖ് സലീം എന്ന സലീമിനു പൊലീസ് യൂണിഫോം നല്‍കിയ പൊലീസുകാരനു സസ്‌പെന്‍ഷന്‍. ബംഗ്‌ളൂരു, ഗോവിന്ദപുരം സ്റ്റേഷനിലെ പൊലീസുകാരന്‍ സോണറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ സലീം പൊലീസ് യൂണിഫോം ധരിച്ചിരിക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യൂണിഫോം നല്‍കിയത് ആരാണെന്നു വ്യക്തമായത്.
ഇന്ദിരാ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ 23ന് നടന്ന കവര്‍ച്ചാകേസിലെ പ്രതിയാണ് സലീം. പ്രസ്തുത കേസില്‍ അറസ്റ്റിലായ സലീമിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് പൊലീസ് യൂണിഫോം ധരിച്ച വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്. കോണ്‍സ്റ്റബിള്‍ എച്ച് ആര്‍ സോണാര്‍ എന്ന നെയിംപ്ലേറ്റുള്ള യൂണിഫോമാണ് ഇയാള്‍ ധരിച്ചിരുന്നത്. പൊലീസ് യൂണിഫോമിട്ട് കൊണ്ടു സലീം ഭാര്യയുമായി വീഡിയോകോള്‍ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഒരു വര്‍ഷം മുമ്പ് മറ്റൊരു കേസില്‍ സലീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അന്ന് ഒരു ഹോട്ടലിലാണ് പ്രതിയെ താമസിപ്പിച്ചിരുന്നത്. ഈ സമയത്താണ് സോണാറിന്റെ യൂണിഫോം ധരിച്ച് വിലസിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.







