കാസര്‍കോട്: അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി. ഉദ്ഘാടനം ആഗസ്റ്റ് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും. മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി നേരില്‍ സംബന്ധിക്കും. ചട്ടഞ്ചാല്‍ ടൗണില്‍ തെക്കില്‍ വില്ലേജ് ഓഫീസിനു സമീപത്തു റവന്യു വകുപ്പ് അനുവദിച്ച സ്ഥലത്താണ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനായി മൂന്നു നില കെട്ടിടം പണിതത്. താഴത്തെ നിലയില്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനാണ് പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ ബേക്കല്‍ ഡിവൈ എസ് പി ഓഫീസും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ പൊലീസുകാരുടെ വിശ്രമ സ്ഥലമായിരിക്കും. 2019 ഫെബ്രുവരി 17ന് ആണ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ ചട്ടഞ്ചാല്‍ ദേശീയപാതയോരത്തെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനൊപ്പം ശുപാര്‍ശ ചെയ്യപ്പെട്ട പൈവളിഗെ പൊലീസ് സ്റ്റേഷന്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. പൊലീസ് സ്റ്റേഷനായി റവന്യു ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റു നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഡി ജി പി രവാഡെ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.








