Sunday, May 19, 2024
Latest:

കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പെട്ടിയും പണവും മോഷണം പോയി; സംഭവം ഉറങ്ങിക്കിടക്കവേ

കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ രേഖകളും കളക്ഷന്‍ തുകയായ 11,112 രൂപയും അടങ്ങിയ പെട്ടി മോഷണം പോയി. ബസ് കണ്ടക്ടര്‍ മല്ലികാര്‍ജ്ജുനയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉപ്പള-പുത്തൂര്‍ റൂട്ടിലോടുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ കണ്ടക്ടറാണ് മല്ലികാര്‍ജ്ജുന. പതിവുപോലെ ഞായറാഴ്ച രാത്രി സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഷെഡ്ഡിലാണ് മല്ലികാര്‍ജ്ജുനയും ഡ്രൈവര്‍ പ്രശാന്തും ഉറങ്ങിക്കിടന്നിരുന്നത്. പണവും രേഖകളും അടങ്ങിയ മരപ്പെട്ടി തലക്ക് സമീപം വെച്ചതായിരുന്നു. തിങ്കളാഴ്ച രാവിലെ ഉണര്‍ന്നപ്പോഴാണ് പണവും ബസിന്റെ രേഖകളും അടങ്ങിയ പെട്ടി കാണുന്നില്ലെന്ന് മനസ്സിലായത്. സമീപത്ത് നോക്കിയപ്പോള്‍ രേഖയും പെട്ടിയും ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. എന്നാല്‍ പണം ഉണ്ടായിരുന്നില്ല. കണ്ടക്ടറുടെ പരാതിയെത്തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലര്‍ച്ചെ നാലുമണിക്ക് ഒരാള്‍ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page