Saturday, May 18, 2024
Latest:

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

ഗാനരചയിതാവ് ജി.കെ.പള്ളത്ത് എന്ന പി.ഗോവിന്ദന്‍കുട്ടി അന്തരിച്ചു. 82 വയസായിരുന്നു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. സംസ്ഥാന റവന്യൂഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി വിരമിച്ചിരുന്നു. കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താല്‍പ്പര്യം. ഏഴാംക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1958 ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോര്‍ജും സുലോചനയും ചേര്‍ന്നാലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു. ധൂര്‍ത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വര്‍ നാടകങ്ങളും എഴുതിയിട്ടുണ്ട്. എല്‍.പി.ആര്‍.വര്‍മ്മ, എം.കെ.അര്‍ജ്ജുനന്‍, കോട്ടയം ജോയി തുടങ്ങിയവരുടെ സംഗീതത്തില്‍ അനേകം നാടകങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഗാനങ്ങളെഴുതി. നടനും സുഹൃത്തുമായ ടി.ജി.രവിയാണ് പാദസരം എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന് സിനിമയില്‍ അവസരം നല്‍കിയത്. പി.ജയചന്ദ്രന്‍ ആലപിച്ച കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് നിരവധി സിനിമകള്‍ക്ക് ഗാനങ്ങളെഴുതി. കാളീചക്രത്തിലെ അമൃതകിരണം പുല്‍കും, ചാകരയിലെ സുഹാസിനീ സുഭാഷിണീ, ചോര ചുവന്ന ചോരയിലെ ശിശിര പൗര്‍ണമി വീണുറങ്ങി, അമൃതഗീതത്തിലെ മാരിവില്ലിന്‍ സപ്തവര്‍ണജാലം, കുങ്കുമപ്പൊട്ടിലെ പുല്ലാനിക്കാട്ടിലെ തുടങ്ങി നിരവധി ഗാനങ്ങള്‍ ശ്രദ്ധേയമാണ്. തൃശൂര്‍ പള്ളത്തുവീട്ടില്‍ നാരായണന്‍നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്. ഭാര്യ: എന്‍.രാജലക്ഷ്മി. മക്കള്‍: നയന (യു.കെ), സുഹാസ്, രാധിക ച്രിക്കാഗോ). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page