കുഞ്ഞ് വെയില്‍ കൊള്ളണമെന്ന് ഡോക്ടര്‍; മാതാപിതാക്കള്‍ കുഞ്ഞിനെ കിടത്തിയത് ആശുപത്രിയുടെ മേല്‍ക്കൂരയില്‍; നവജാത ശിശുവിന് ദാരുണാന്ത്യം

ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാതാപിതാക്കള്‍ നേരിട്ട് ചൂടുള്ള വെയില്‍ കൊള്ളിച്ചതിനെ തുടര്‍ന്ന് നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മയ്ന്‍പുരിയിലെ ഭുഗായി ഗ്രാമത്തിലാണ് സംഭവം. അര മണിക്കൂറോളമാണ് വെറും അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ പൊരിവെയിലത്ത് വച്ചത്.
നഗരത്തിലെ രാധാ രാമന്‍ റോഡിലുള്ള ശ്രീ സായ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഭുഗായി സ്വദേശിനിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മെയ് 15 ബുധനാഴ്ച നവജാതശിശുവിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതോടെ ഇവര്‍ ഡോക്ടറെ സമീപിച്ചു. അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. സമയം പറഞ്ഞിരുന്നില്ല. ഡോക്ടറുടെ നിര്‍ദേശം പാലിച്ച് രാവിലെ 11.10 ഓടെ കുഞ്ഞിനെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ കിടത്തുകയായിരുന്നു. കടുത്ത ചൂടുള്ള സമയത്താണ് കുട്ടിയെ കിടത്തിയത്. 30 മിനിറ്റിനു ശേഷം കുഞ്ഞിനെ വീട്ടുകാര്‍ താഴെയിറക്കി. എന്നാല്‍, കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. കൊടുംചൂടില്‍ വച്ചതിനെ തുടര്‍ന്ന് സൂര്യാഘാതമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സംഭവം വിവാദമായതോടെ ഉപദേശം നല്‍കിയ ഡോക്ടര്‍ ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവിയെ നിര്‍ബന്ധിതമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു.
കടുത്ത അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ശേഷം നടപടിയെടുക്കുമെന്നും സിഎംഒ ഡോ. ആര്‍.സി ഗുപ്ത പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page