മുംബൈ: പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പകയിൽ 12 കാരിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.മുംബൈയിലെ കല്യാൺ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർത്ഥിനിയാണ് ദാരുണമായി മരിച്ചത്. പ്രതി ആദിത്യ കാംബ്ലൈയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് പെൺകുട്ടി അമ്മയോടൊപ്പം ഹൗസിങ്ങ് സൊസൈറ്റിയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.താമസിക്കുന്ന ഫ്ലാറ്റിന്‍റെ സ്റ്റെയർ കേസ് കയറുമ്പോൾ പിന്നിലൂടെ എത്തിയ പ്രതി അമ്മയെ തള്ളിമാറ്റി പെൺകുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണം ചെറുക്കാൻ അമ്മ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 8ൽ അധികം കുത്തേറ്റ പെൺകുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിലെത്തിച്ചത്. സമീപവാസികൾ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി ഒന്നിലേറെ തവണ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.എന്നാൽ പെൺകുട്ടി നിരസിച്ചു.ഇതേ തുടർന്നുള്ള പകയും വൈരാഗ്യവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.