അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തെ ചൊല്ലി കാസര്‍കോട് യൂത്ത് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി

കാസര്‍കോട്: അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടറായി ഇടതു അനുകൂല സംഘടനയില്‍ പെടുന്ന ആളെ നിയമിച്ചതില്‍ യൂത്ത് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ തഴഞ്ഞെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നല്‍കിയ പട്ടിക അപ്പാടെ തള്ളിക്കളഞ്ഞാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപം. ഇടത് അനുകൂല സംഘടനയുമായി ചേര്‍ന്ന് പോകുന്ന വിദ്യാധരന്‍ നമ്പ്യാരെ അഡീഷണല്‍ പബ്്ളിക് പ്രോസിക്യൂട്ടറാക്കിയതിലാണ് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി കേസുകള്‍ കോടതികളില്‍ വാദിച്ചിരുന്ന അഭിഭാഷകന്‍ ശ്രീജിത്ത് മാളവനയ്ക്ക് ഈ സ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രതീക്ഷയുണ്ടായിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പണം പോലും വാങ്ങാതെ കേസുകള്‍ നടത്തിയ അഭിഭാഷകരുടെ പേരുകള്‍ ചര്‍ച്ച നടത്തിയാണ് മുകളിലേക്ക് നല്‍കിയത്. എന്നാല്‍ അതെല്ലാം തഴഞ്ഞാണ് ഇടത് സഹയാത്രികനായി അഭിഭാഷകനെ അഡീഷണല്‍ പബ്ളിക് പ്രോസിക്യുട്ടറായി നിയോഗിച്ചതെന്നാണ് ആരോപണം. മുന്‍ സംസ്ഥാന സെക്രട്ടറി ഉനൈസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി കേസ് നടത്തിയ അഭിഭാഷകരെ പോലും അവഗണിച്ചുവെന്നും സിപിഎം അനുകൂലിയെ നിയമിച്ചതിലെ മാനദണ്ഡമെന്തെന്നും ചോദിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും മുഖ്യമന്ത്രി വി. ഡി. സതീശനും ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പരാതി നല്‍കി. പുറത്തിറങ്ങിയ ലിസ്റ്റ് എത്രയും പെട്ടെന്ന് റദ്ദ് ചെയ്ത് ന്യൂനതകള്‍ പരിഹരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ അഭ്യര്‍ഥന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page