കാസര്‍കോട്: പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതി വിഹിത തുകയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്കിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ കൊഴുക്കുള്ളി അത്താണി നഗര്‍ സ്വദേശി സി.എന്‍.രാമദാസാണ് സസ്‌പെന്‍ഷനിലായത്. 15 ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട 16,80,000 രൂപ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ഹരീഷ് നല്‍കിയ പരാതിയിലാണ് നടപടി. 16.80,000 രൂപ തന്റെ സ്വന്തം അക്കൗണ്ട് ഉള്‍പ്പെടെ 4 അനധികൃത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ജോലിചെയ്തിരുന്ന സ്ഥത്ത് ഫണ്ട് ക്രമക്കേട് നടത്തിയതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീടിത് പിന്‍വലിച്ചതിനെ തുടര്‍ന്ന് മേയ് 4 നാണ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചുമതലയേറ്റത്. ഗുണഭോക്താക്കള്‍ക്ക് അനുവദിക്കേണ്ട പൊതുപണം അപഹരിക്കുകയും ബ്ലോക്ക് പഞ്ചായത്തിനെയും സര്‍ക്കാരിനെയും കബളിപ്പിച്ച് ബോധപൂര്‍വം പൊതുപണം സ്വന്തം അക്കൗണ്ടിലേക്ക് കൈക്കലാക്കിയതും ഗുരുതരമായ കുറ്റകൃത്യവും കൃത്യവിലോപവും അച്ചടക്ക ലംഘനവു മാണെന്ന് തദ്ദേ ശവകുപ്പ് ഡയറക്ടറുടെ ഉത്തരവിലുണ്ട്. വ്യാജ രേഖ തയ്യാറാക്കല്‍, വ്യാജ രേഖ യഥാര്‍ത്ഥ രേഖയായി ഉപയോഗിക്കല്‍, വിശ്വാസവഞ്ചനയിലൂടെ പണം കൈപ്പറ്റല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രാമദാസിനെതിരെ ഉയര്‍ന്നന്നത്.







