കുമ്പള: മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന സര്‍ക്കാര്‍, പൊതുപരിപാടികളില്‍ അനധികൃതമായി പ്രവേശിച്ച് ഫോട്ടോവീഡിയോ ചിത്രീകരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്പള പ്രസ് ഫോറം നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി നടപടി ആരംഭിച്ചു. പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരം, ഉപ്പള, കുമ്പള മേഖലകളില്‍ അംഗീകാരമില്ലാതെ മാധ്യമ പ്രവര്‍ത്തകരെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണംവര്‍ധിച്ചുവരികയാണ്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് പ്രവേശിക്കുകയും വേദിയും അനുബന്ധ മേഖലകളും കൈയടക്കുകയും ചെയ്യുന്നത് യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ നിര്‍വഹണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു. വാഹനങ്ങളില്‍ അനധികൃതമായി പ്രസ് സ്റ്റിക്കര്‍ പതിച്ച് സഞ്ചരിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധമോ പരിചയമോ ഇല്ലാത്തവര്‍ സമൂഹമാധ്യമ ചാനലുകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരായി ചമയുന്നതായും വെബ്സൈറ്റോ രജിസ്റ്റര്‍ ചെയ്ത ഡൊമൈനോ ഇല്ലാതെ ഓണ്‍ലൈന്‍ മാധ്യമമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം മേഖലയില്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിച്ച് ലഹരി, മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ്‌കോര്‍ട്ട് സേവനം നല്‍കുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ തൂഫാന്‍ മാതൃകയില്‍ വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പളയും സെക്രട്ടറി ഐ. മുഹമ്മദ് റഫീഖും ആവശ്യപ്പെട്ടിരുന്നു.







