കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള ബാവ ഫഖീര്‍ വലിയുല്ലാഹി മഖാം ഉറൂസിന് ഭക്തജനത്തിരക്കേറി. ഉറൂസിനോടനുബന്ധിച്ച് മഖാം സിയാറത്തിനും, മത പ്രഭ്രാഷണം കേള്‍ക്കാനും പ്രദേശത്തെ ചരിത്രപ്രാധാന്യമുള്ള ഗുഹകള്‍ സന്ദര്‍ശിക്കാനും നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന എത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. തുടക്കം മുതല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍നിന്ന് വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്. രാത്രി നടക്കുന്ന മതപ്രഭാഷണങ്ങളിലും ആത്മീയ സംഗമങ്ങളിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച രാത്രി അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണം ശ്രവിക്കാനും മഖാം സിയാറത്തിനുമായി വന്‍ ജനാവലിയെത്തി. തിരക്ക് കാരണം വാഹനങ്ങള്‍ കിലോമീറ്ററുകള്‍ അകലെ നിര്‍ത്തിയാണ് പലരും ഉറൂസ് നഗരിയിലെത്തിയത്. മഖാമിന് ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന അഞ്ച് വ്യത്യസ്ത ഗുഹകളാണ് സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം. ബാവ ഫഖീര്‍ വലിയുല്ലാഹി അംഗസ്‌നാനം നടത്തിയതായി വിശ്വസിക്കപ്പെടുന്ന സ്ഥലം സന്ദര്‍ശിക്കാനും നിരവധി പേരെത്തുന്നുണ്ട്. ഉറൂസിന് മുന്നോടിയായി പുരാവസ്തു വകുപ്പ് അധികൃതര്‍ ഗുഹകള്‍ സന്ദര്‍ശിച്ചിരുന്നു. വിശാലമായ സൗകര്യങ്ങളാണ് ഉറൂസിനായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ മതപ്രഭാഷണങ്ങള്‍, സ്വലാത്ത് മജ്‌ലിസുകള്‍, ആത്മീയ സംഗമങ്ങള്‍ എന്നിവ നടക്കും. ഞായറാഴ്ച രാത്രി അബ്ദുല്‍ റസാഖ് അബ്‌റാരി പത്തനംതിട്ട പ്രഭ്രാഷണം നടത്തും. 29 ന് ഉറൂസ് സമാപിക്കും.







