കാസർകോട്: പെരിയ , ആയംപാറയിൽ അജ്ഞാത ജീവിയുടെ നഖപ്പാടുകൾ കണ്ടെത്തി. ഉരുളംകോടിയിലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിൻ തോട്ടത്തിലാണ് സംശയകരമായ സാഹചര്യത്തിൽ അടയാളങ്ങൾ കാണപ്പെട്ടത്. കവുങ്ങിന്റെ അടിഭാഗത്താണ് അടയാളങ്ങൾ കാണപ്പെട്ടത്. ഇതു സംബന്ധിച്ച് തോട്ടം ഉടമ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ. ആർ.ടി അംഗങ്ങളും ഇന്ന് (ഞായർ ) സ്ഥലത്തെത്തി അടയാളങ്ങൾ പരിശോധിച്ചു. കാട്ടുപന്നിയുടെ തേറ്റ കൊണ്ടുള്ള കുത്തേറ്റാണ് കവുങ്ങിൻ തടിയിൽ സമാന്തര രേഖയിലുളള അടയാളങ്ങൾ ഉണ്ടായതെന്നു ഉദ്യോഗസ്ഥർ വിലയിരുത്തി. കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായ പ്രദേശമാണ് ഉരുളം കോടി. കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ കർഷകർ.







