കാസർകോട്: പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങിയ വീട്ടമ്മ സരോജിനിയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത ആൾ അറസ്റ്റിൽ. കാസർകോട് നെല്ലിക്കട്ട ചെന്നടുക്ക സ്വദേശി സി.എം ഇബ്രാഹിം ഖലീലിനെയാണ് (43) ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് പടന്നക്കാട്ടെ ജില്ല ആയുർവേദ ആശുപത്രി റോഡിലൂടെ പടന്നക്കാട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടെയാണ് അജാനൂര്‍ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (63) മൂന്നര പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നെടുത്ത് രക്ഷപ്പെട്ടത്. പിടികൂടിയ പ്രതിക്ക് മറ്റ് ജില്ലയിലെ മാല മോഷണങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു വെള്ളൂര്‍, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.