കാസർകോട്:ആസ്റ്റർ വോളന്റിയേഴ്സിന്റെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 43 പേരെ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് പരിശീലനം നൽകി ജോലിക്കു നിയമിച്ചു. ഉദ്യോഗാർത്ഥികളുടെ ബിരുദദാന ചടങ്ങ് കല്ലട്ര മാഹിൻ ഹാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ തൊഴിൽ വൈദഗ്ധ്യവും ആവശ്യമായ പ്രായോഗിക അറിവുകളും ആറുമാസക്കാലം നീണ്ടുനിന്ന തീവ്ര പരിശീലന പരിപാടിയിലൂടെ ഉദ്യോഗാർത്ഥികൾക്കു നൽകിയാണ് അവരെ ജോലിയിൽ നിയമിച്ചത്. ആസ്റ്റർ മിംസ് ആശുപത്രിയുടെ ഈ പ്രവർത്തനത്തെ എം.എൽ.എ. ശ്ലാഘിച്ചു.യുവാക്കൾക്ക് ആരോഗ്യരംഗത്ത് മികച്ച ഭാവി കെട്ടിപ്പടുക്കാൻ ഇത് സഹായകരമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസൂരി നിയമന ഉത്തരവുകൾ കൈമാറി. ഡോ. അമീൻ ഗുൽഷൻ, ഡോ. ഷഹനാദ് പി.എം.എ, ഡോ. അശ്വന്ത് ചടങ്ങിൽ പങ്കെടുത്തു.ആശുപത്രിയുടെ ഇത്തരം തൊഴിലധിഷ്ഠിത വികസന മാതൃകകൾ യുവജന ശാക്തീകരണത്തിന് വലിയ പ്രചോദനമാണെന്നു മാനേജ്‌മന്റ് അഭിപ്രായപ്പെട്ടു.







