ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണിട്രാപ്പ്; കാസര്‍കോട് സ്വദേശിനിയുടെ വലയില്‍ കുടുങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേര(35)നെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്.
ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത്. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ കൊടവലം സ്വദേശി മംഗളൂരുവില്‍ പീഡനക്കേസില്‍ ഇപ്പോള്‍ ജയിലിലാണ്. യുവാവിനെതിരെ ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ജയിലിലായ യുവാവില്‍ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരന്‍ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.
ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് സുന്ദരന്മാരായ യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവര്‍ക്കും വിവാഹ വാഗ്ദാനം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പൊലീസുകാരില്‍ പലരും വിവരം മറച്ചു വച്ചു. പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വര്‍ണ്ണമാലയും യുവതി തട്ടിയെടുത്തു.
വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതിയ്‌ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page