വനമഹോത്സവം-ആവര്‍ത്തിക്കുന്ന പാഴ്‌വേല!

നാരായണന്‍ പേരിയ

ജൂണ്‍ അഞ്ചാം തീയ്യതി-വനമഹോത്സവം-തലേന്ന് തന്നെ സ്‌കൂള്‍ കുട്ടികള്‍-നഴ്‌സറിക്കുഞ്ഞുങ്ങള്‍ അടക്കം-വൃക്ഷത്തൈകള്‍ കണ്ടെത്തി. സ്വന്തം വീട്ടു വളപ്പില്‍ നിന്ന്, അല്ലെങ്കില്‍ പരിസരത്ത് നിന്ന്. പിറ്റേന്ന് രാവിലെ വിദ്യാലയങ്ങളിലെത്തിയ ഉടനെ അധ്യാപകര്‍ക്ക് കൈമാറി. അവര്‍ നിര്‍ദ്ദേശിച്ചു, എവിടെ നടണം എന്ന്. നട്ടു; നനച്ചു. ചുറ്റും കൂടി നിന്ന് പാട്ടുപാടി; കവിത ചൊല്ലി.
‘ഒരു തൈ നടുമ്പോള്‍/ഒരു തണല്‍ നടുന്നു/
നടു നിവര്‍ക്കാനൊരു/കുളുര്‍ നിഴല്‍ നടുന്നു/
ഒരു വസന്തത്തിന്നു വളര്‍പന്തല്‍ കെട്ടുവാന്‍/
ഒരു കാല്‍ നടുന്നു’.
പക്ഷെ, ‘കട്ടു മതിയാവാത്ത കാട്ടിലെ കള്ളനും, നാട്ടിലെ കള്ളനും’ -തക്കം നോക്കുന്നുണ്ടാകും എന്ന് കുഞ്ഞുങ്ങളറിയുന്നില്ല. അതിന് വര്‍ഷങ്ങള്‍ കഴിയണം, ഇന്ന് നടുന്ന തൈകള്‍ വന്‍ മരങ്ങളാകാന്‍. അതിനുള്ള യോഗം ഈ കുഞ്ഞുങ്ങള്‍ക്കും കുഞ്ഞു തൈകള്‍ക്കും ഉണ്ടാകുമോ? സൗഭാഗ്യം എന്നത് വൃഥാമോഹമാകുമോ?
ഇക്കൊല്ലം നട്ട തൈ അടുത്ത കൊല്ലം കാണുമോ? തണല്‍ മരങ്ങളാകുന്നത് പിന്നെയല്ലേ? എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ശകുനപ്പിഴ എന്ന ദുര്യോഗമല്ല. നടാന്‍ പറയുന്നവര്‍ക്ക് ദൂരക്കാഴ്ചയോ, പ്രായോഗിക ബുദ്ധിയോ ഇല്ലാത്തത് തന്നെ. എവിടെ നടണം? എന്ത് നടണം? അതായത്, നട്ട ചെറുതൈ വളര്‍ന്ന് വളര്‍ന്ന്…. എത്രത്തോളം വളരും? വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചാല്‍ അസൗകര്യമാവുമോ? ശാസ്ത്രീയമായ ആസൂത്രണം-അതില്ലാതെ ഒന്നും ചെയ്യരുത്. ഒരു തൈ നടുമ്പോള്‍ ഇതും ചിന്തിക്കുക.
പഴയ ഒരോര്‍മ്മ: ജില്ലാ തലത്തിലുള്ള വനമഹോത്സവം ഉദ്ഘാടനം ചെയ്യാന്‍ നമ്മുടെ ജില്ലക്കാരനായ മന്ത്രി വന്നു. വിദ്യാനഗറിലെ നഗരഭാ സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് ചുറ്റോട് ചുറ്റും വൃക്ഷത്തൈകള്‍ നടുക. ഇതായിരുന്നു പരിപാടി. പ്രധാന കവാടത്തിന്റെ ഒരു ഭാഗത്തായി മന്ത്രി തൈ നട്ടു. സ്റ്റേഡിയത്തിന് ചുറ്റും തൈകള്‍ നടാന്‍ മന്ത്രി ആഹ്വാനം ചെയ്തു. അവിടെയെത്തിയിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ഉദ്യോഗസ്ഥന്മാരും സോഷ്യല്‍ ഫോറസ്ട്രിക്കാര്‍ ലോറിയില്‍ കൊണ്ടുവന്ന വൃക്ഷത്തൈകള്‍ എടുത്ത് നട്ടു. ‘ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു”-ഒ.എന്‍.വിക്കവിത ഉച്ചഭാഷിണിയിലൂടെ. സ്റ്റേഡിയത്തില്‍ തണല്‍ വിരിക്കട്ടെ. ബഹു. മന്ത്രിയുടെ പ്രതീക്ഷക്ക് ആഴ്ചകളുടെ ആയുസ്സുണ്ടായില്ല. തീറ്റ തേടി അലയുന്ന കന്നുകാലികളും, ആടുകളും ആഹാരമാക്കി. കുറ്റിയും വേരും മാത്രം ബാക്കി.
അടുത്ത കൊല്ലത്തെ വനമഹോത്സവത്തിന് അരങ്ങ് മാറി. വിദ്യാനഗര്‍-മധൂര്‍ റോഡിന്റെ ഓരം ചേര്‍ന്ന് വേറൊരു മന്ത്രി വനമഹോത്സവത്തിന് തുടക്കം കുറിച്ചു. കാല്‍ നടക്കാര്‍ക്ക് തണലേകട്ടെ ഓരോ വൃക്ഷത്തൈയും വന്‍മരമാകുമ്പോള്‍ എന്ന് മന്ത്രിയുടെ ആശംസ. അനന്തരഗതി പഴയത് തന്നെ. നാല്‍ക്കാലികള്‍ക്ക് ‘കുശാല്‍’. തൈകള്‍ക്ക് ‘രക്ഷാവലയ’ മൊരുക്കിയിരുന്നു, മരക്കമ്പനിയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന തടിക്കഷ്ണങ്ങള്‍ കൊണ്ട്. കത്തിക്കാന്‍ വിറകുതേടി നടക്കുന്ന പാവപ്പെട്ട വീട്ടമ്മമാര്‍ക്കും ആശ്വാസമായി (പാചകവാതകം സുലഭമല്ലാതിരുന്ന കാലം). ശാസ്ത്രീമായ ആസൂത്രണം വേണം എന്ന് പറഞ്ഞത് വ്യക്തമാക്കാം: എന്ത് നടണം, എവിടെ നടണം? എന്തും എവിടെയും നടാന്‍ പാടില്ല. ‘ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു’. അതായത്, തണലാണ് നടുന്നത്. തണലേകാന്‍ പര്യാപ്തമായ വന്‍ മരമായി വളരണം ഭാവിയില്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍, അല്ലെങ്കില്‍ ഓഫീസ് പരിസരത്ത് വന്‍ മരങ്ങളോ? അത് പാടില്ല. മരങ്ങള്‍ വളരാന്‍ സ്ഥലപരിമിതി പ്രതിബന്ധമാകും. വാഹനങ്ങള്‍ വരാനും പോകാനും തടസ്സം; പാര്‍ക്കിംഗിനും വൈദ്യുതി ടെലിഫോണ്‍ കമ്പി വലിച്ചു കെട്ടുന്നതിനും പ്രയാസമാകും.
ജനവാസ മേഖലയില്‍ നിന്നും മാറി നടണം. അവിടെ വന്‍ കാടായി വളരട്ടെ. പക്ഷെ, അപ്പോഴുമുണ്ടാകാനിടയുണ്ട് ചില ദോഷങ്ങള്‍. അക്വേഷ്യയും യൂക്കാലിയും പോലുള്ള മരങ്ങളാകരുത്, ഭൂഗര്‍ഭജലം അമിതമായി വലിച്ചെടുക്കുന്ന ജനുസ്സില്‍പ്പെട്ട മരങ്ങള്‍ നമുക്ക് വേണ്ട. ചില തരം മരങ്ങള്‍ പൂക്കുമ്പോള്‍ അതിന്റെ പൂമ്പൊടി കാറ്റില്‍ കലര്‍ന്ന് നമ്മുടെ ഉച്ഛ്വാസവായു മലിനമാകും. ശ്വാസകോശ സംബന്ധിയായ രോഗങ്ങളുമുണ്ടാകും. സര്‍ക്കാറിന്റെ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അക്വേഷ്യയും മറ്റും നട്ടത് ആപത്തായി എന്ന് കണ്ട് വെട്ടിമാറ്റേണ്ടി വന്നു. ഗ്രാമീണ റോഡ് നിര്‍മ്മാണത്തിനും വൈദ്യുതീകരണത്തിനും പ്രതിബന്ധമായി. അതാണ് പറഞ്ഞത്, ‘വെളുക്കാന്‍ തേച്ചത് പാണ്ടാകാതെ’ നോക്കണം എന്ന്.
പാതവക്കില്‍ തണല്‍ മരങ്ങല്‍-നല്ലത് തന്നെ. എന്നാല്‍ കാലാന്തരത്തില്‍ പാത വികസിപ്പിക്കേണ്ടി വരുമ്പോള്‍ വെട്ടിമാറ്റേണ്ടി വരും. വര്‍ത്തമാനകാലാനുഭവങ്ങളുള്ളത് കൊണ്ട് വിശദീകരിക്കുന്നില്ല. ഒന്ന് മാത്രം.
നമ്മുടെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നട്ടുപിടിപ്പിച്ച ബദാം മരങ്ങള്‍ ചില സാമൂഹ്യദ്രോഹികള്‍ വിഷം കുത്തി വെച്ച് ഉണക്കാന്‍ നോക്കി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇടപെട്ടു. പ്രതിഷേധിച്ചു. സുഗതകുമാരി ടീച്ചറെ വരുത്തി പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കാന്‍. അവര്‍ പരിസരത്ത് ഒരു മാവിന്‍ തൈ നട്ടു; ‘പയസ്വിനി’ എന്ന് പേരിട്ടു. ‘മരത്തിന് സ്തുതി എന്ന കവിത ചൊല്ലി. വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകരായെത്തി. പയസ്വിനി തഴച്ചുവളര്‍ന്നു. പൂത്തു, കായ്ചു. അപ്പോഴാണ് മറ്റൊരാപത്ത്: ദേശീയ പാത വിപുലീകരണം. പയസ്വിനിയുടെ ആത്മബന്ധുക്കള്‍ താളിപ്പടുപ്പ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റി. പയസ്വിനി ‘പ്രവാസിനി’ യായി. അനുകൂല സാഹചര്യം ഒത്തു കിട്ടിയത് കാരണം. അല്ലായിരുന്നെങ്കിലോ?
ഓര്‍ക്കുക: വനമഹോത്സവം ആണ്ടുതോറും ആവര്‍ത്തിക്കുന്ന പാഴ്വേലയാകാന്‍ പാടില്ല. ദൂരക്കാഴ്ച, ആസൂത്രണം-അനുപേക്ഷണീയം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page