കാസർകോട്: ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 20,13,000 രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ കാസർകോട് സൈബർ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശിയായ ജി ബിജുകുമാർ(54) ആണ് അറസ്റ്റിലായത്. വലിയപറമ്പ് ഇടയിലക്കാട് സ്വദേശിയുടെ കയ്യിൽ നിന്നും ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാൾ. അമ്പലപ്പുഴയിൽ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചത് വഴി കമ്മീഷനായി 3 ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.പ്രതിയെ കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യു പി വിപിന്റെ മേൽനോട്ടത്തിൽ എസ് ഐ രവീന്ദ്രൻ, എഎസ്ഐ രഞ്ജിത് കുമാർ, പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.








