കാസര്‍കോട്: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കളെ ജയിലിലടച്ചു. ചെമ്മനാട് കോളിയടുക്കം സ്വദേശിയും വിദ്യാനഗര്‍ ബി സി റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനുമായ കെ എം മുഹമ്മദ് അഫ്രീദ് (23), അണങ്കൂര്‍, സുല്‍ത്താന്‍ നഗര്‍ ബെദിര ഹൗസിലെ ബി എം അബ്ദുല്‍ ഖാദര്‍ (28) എന്നിവരാണ് റിമാന്റിലായത്. പോക്‌സോ പ്രകാരമാണ് ഇരുവരെയും മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. 2019ല്‍ ആണ് കേസിലെ ഒന്നാം പ്രതിയായ അഫ്രീദ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോകള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും 22ഗ്രാം സ്വര്‍ണ്ണം കൈക്കലാക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ചുവെങ്കിലും പണം നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് സുഹൃത്തായ അബ്ദുല്‍ഖാദര്‍ മുഖേന പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ആറരലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മേല്‍പ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചു.
പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാനെന്ന വ്യാജേന അഫ്രീദിനെയും അബ്ദുല്‍ ഖാദറിനെയും പിതാവ് വിളിച്ചുവരുത്തി. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടറും സംഘവും ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു.








