സ്‌കൂളില്‍ അക്രമം: കസ്റ്റഡിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു

കാസര്‍കോട്: സ്‌കൂളില്‍ അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു. രാജപുരം എസ്.ഐ പി.കെ.സുനില്‍ കുമാറിനാണ് പരിക്കേറ്റത്. സംഭവത്തില്‍ പനത്തടി ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്തെ പ്രമോദി(40)നെ അറസ്റ്റ് ചെയ്തു. പ്രതിയെ രാത്രി തന്നെ ഹോസ്ദുര്‍ഗ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. വെളളിയാഴ്ച വൈകീട്ട് പ്രാന്തര്‍ കാവ് ഗവ. എല്‍.പി സ്‌കൂളില്‍ പ്രമോദ് കുഴപ്പമുണ്ടാക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയം പ്രതി സ്‌കൂളില്‍ അക്രമാസക്തനായി ചെടിച്ചട്ടികള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപെട്ടെങ്കിലും പ്രമോദ് വഴങ്ങിയില്ല. സ്വന്തം കാറില്‍ മാത്രമെ വരാന്‍ പറ്റുകയുള്ളൂവെന്നായി പ്രതി. തുടര്‍ന്ന് പൊലീസ് ജീപ്പ് ഡ്രൈവര്‍ പ്രതിയുടെ കാര്‍ ഓടിച്ച് വരവെ കോളിച്ചാലില്‍ എത്തിയ സമയം പ്രതി വീണ്ടും കാറിനുള്ളില്‍ അക്രമാസക്തനായി. പിന്നാലെ പൊലീസ് ജീപ്പിലെത്തിയ എസ്.ഐ കാറിനടുത്തെത്തിയപ്പോഴാണ് പ്രതി എസ് ഐ യുടെ മൂക്കിനിടിച്ചത്. എസ്.ഐയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഡ്രൈവര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കൂടുതല്‍ പൊലീസെത്തിയാണ് കീഴടക്കിയത്. മൂക്കിന് സാരമായി പരിക്കേറ്റ എസ്.ഐ ആശുപത്രിയില്‍ ചികില്‍സ തേടി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page