ഉപനിഷത് സാഗരം-9; ഛാന്ദോഗ്യോപനിഷത്


ആറാം അധ്യായം

കെ. ബാലചന്ദ്രന്‍

പ്രപഞ്ച സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാണ്. അവയില്‍ ആകാശം, വായു എന്നിവയെക്കുറിച്ച് ഈ ഉപനിഷത്തില്‍ പരാമര്‍ശിക്കുന്നില്ല. കണ്ണു കൊണ്ട് കാണാന്‍ പറ്റുന്നവയായ അഗ്നി, ജലം, ഭൂമി എന്നീ മൂന്ന് ഭൂതങ്ങളാണ് ഇവിടെ പരാമൃഷ്ടങ്ങളാകുന്നത്. അങ്ങനെ പഞ്ചഭൂതങ്ങള്‍ മുതല്‍ വൈവിധ്യമാര്‍ന്ന ജീവ പ്രപഞ്ചം ഉദ്ഭൂതമായതിന്റെ ക്രമത്തെ ശ്വേതകേതുവിന് വിവരിച്ചുകൊടുത്തു. ഗുരു തന്റെ ഉപദേശം തുടരുന്നു.
മന്ത്രം: തേഷാം ഖല്വേഷാം ത്രണ്യേവ ബീജാനി
ഭവന്ത്യണ്ഡജം ജീവജ്ജുമുദ്ഭിജ്ജമിതി.
സാരം: മുമ്പ് വ്യക്തമാക്കിയ ജീവജാലങ്ങള്‍ ഉണ്ടാവാന്‍ അണ്ഡജം, ജീവജം ഉദ്ഭിജ്ജം എന്നിങ്ങനെ മൂന്ന് ബീജങ്ങളേ ഉള്ളൂ. അണ്ഡജം എന്നാല്‍ മുട്ടയിട്ട് അവയെ വിരിയിച്ചുണ്ടാകുന്ന ജീവികള്‍. ജീവജമെന്നാല്‍ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന സസ്തനജീവികള്‍. ഉദ്ഭിജ്ജമെന്നാല്‍ വിത്ത് ഭൂമിക്കടിയില്‍ മുളച്ച് ഭൂമിയെ ഭേദിച്ച് പുറത്തുവരുന്ന സസ്യങ്ങള്‍. ഇപ്രകാരം ഈ ഭൂമിയില്‍ കാണപ്പെടുന്ന സ്ഥാപര ജംഗമ ജീവജാലങ്ങളൊക്കെ ഇപ്പറഞ്ഞ മൂന്നുവിധത്തിലാണ് ഉണ്ടാകുന്നത്. അണ്ഡജം, ജീവജം, ഉദ്ഭിജ്ജം എന്നിങ്ങനെ പറയപ്പെട്ടത് കൊണ്ട് ഈ മൂന്ന് വിധത്തില്‍ ഉണ്ടായവ അടുത്ത തലമുറക്ക് ബീജമായിത്തീരുന്നു എന്നതാണ് വിവക്ഷ.
മന്ത്രം: ബേയം ദേവതൈക്ഷത, ഹന്താഹമിമാസ്തിസ്രോ
ദേവതാ: അനേന ജീവനാത്മനാനുപ്രവിശ്യ
നാമരൂപേവ്യാകരവാണീതി.
സാരം: ആ ഈ ദേവത വീണ്ടും സങ്കല്‍പ്പിച്ചു. ഞാന്‍ ഈ മൂന്നു ദേവതകളില്‍ ജീവാത്മഭാവത്തില്‍ അനുപ്രവേശിച്ച് നാമരൂപങ്ങളെ സ്പഷ്ടമാക്കിത്തീര്‍ക്കാം എന്ന്.
ഏകനും, അവ്യയനും നിരാകാരനുമായ പരമാത്മാവ് പ്രപഞ്ച സൃഷ്ടി നടത്താന്‍ ഇച്ഛിച്ചു. താന്‍ പലതായിത്തീരട്ടെയെന്ന് സങ്കല്‍പ്പിച്ചപ്പോള്‍ ആ പരമാത്മാവു തന്നെ പഞ്ചഭൂതങ്ങളായി പരിണമിച്ചു. അവയില്‍ അഗ്‌നി, ജലം, ഭൂമി (അന്നം) എന്നിവയെയാണ് ഇവിടെ പരാമര്‍ശിക്കുന്നത് എന്ന് പറയുകയുണ്ടായല്ലോ. അവയില്‍ നിന്നാണ് പിന്നീട് അണ്ഡജം, ജീവജം, ഉദ്ഭിജ്ജം എന്നിങ്ങനെ പ്രപഞ്ചത്തില്‍ കാണുന്ന സകലജീവജാലങ്ങളും ഉണ്ടായത്. പരമാത്മാവില്‍ നിന്ന് ഉദ്ഭൂതങ്ങളായത് കൊണ്ടാണ് അഗ്നി, ജലം, ഭൂമി എന്നിവയെ ദേവതകള്‍ എന്ന് പറഞ്ഞിരിക്കുന്നത്. ഈ മൂന്നു ദേവതകളില്‍ ജീവാത്മാഭാവേന അനുപ്രവേശിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. പരമാത്മാവിന്റെ പ്രതിബിംബിത ചൈതന്യമാണല്ലോ ജീവാത്മാവ്. അതിനാല്‍തന്നെ ജീവാത്മാവ് പരമാത്മാവില്‍ നിന്ന് അഭിന്നനാണ്. ഒരേ സൂര്യന്‍ തന്നെ പല ജലാശയങ്ങളിലും പ്രതിബിംബിക്കുന്നത് പോലെ, ഒരേ പരമാത്മചൈതന്യം തന്നെയാണ് ഈ മൂന്ന് ദേവതകളിലും. പിന്നീട് അവയില്‍ നിന്ന് ഉത്ഭൂതങ്ങളായ ജീവജാലങ്ങളിലും ജീവചൈതന്യമാക്കി നിലകൊള്ളുന്നത്. ഓരോ സൃഷ്ടിജാലത്തിലും ഓരോ രൂപമുണ്ടായതിനാല്‍ അവയ്ക്കനുസരിച്ചുള്ള നാമങ്ങളുമുണ്ടായി എന്നതൊഴിച്ചാല്‍ എല്ലാം ഒന്നിന്റെ തന്നെ വിജ്രംഭിത രൂപങ്ങളാണെന്നു മനസ്സിലാക്കേണ്ടതാണ്.
(തുടരും)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page