അതിരേത്(നോവല്‍)
ഭാഗം – 6
കൂക്കാനം റഹ്‌മാന്‍
ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സൈനബയുടെ ഓര്‍മ്മകള്‍ മനസ്സിലങ്ങനെ ഇടക്ക് കയറി വരും. ദുരിതപൂര്‍ണ്ണമായ മധുവിധുനാളുകളും അനുഭവിച്ച വേദനകളുമൊക്കെ ഇങ്ങനെ തികട്ടി വരും. അന്ന് ഒരായിരം സ്വപ്നങ്ങളും നല്‍കിയാണ് ഞാനവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ വിരലിലെണ്ണാവുന്ന നാളത്തെ സന്തോഷം മാത്രമേ എനിക്കവള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും വിധി വീണ്ടും എന്നെ ഇടം കാലിട്ട് വീഴ്ത്തിയിരുന്നല്ലോ.
എങ്കിലും അതില്‍ ഒരിക്കല്‍ പോലും അവള്‍ പരാതി പറയുകയോ, എന്നെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. സ്വയം പഴിച്ചിട്ടേയുള്ളൂ, സന്തോഷം വിധിച്ചിട്ടില്ലാത്തവളെ കൂടെ കൂട്ടിയതാണ് എന്റെ ഇപ്പോഴത്തെ കാരണമെന്ന് അവള്‍ സ്വയം പറയുമായിരുന്നു. കണ്ണീരൊഴുക്കുമായിരുന്നു. അപ്പോഴൊക്കെഞാനവളെ സമാധാനിപ്പിക്കും ഇനിയും അസ്തമിച്ചിട്ടില്ലാത്ത എന്റെ പ്രതീക്ഷകളെ കുറിച്ച് പറഞ്ഞ് അവളെ ചേര്‍ത്ത് പിടിക്കും. ഒരു വിവാഹജീവിതം പോലും സ്വപ്നം കണ്ടിട്ടില്ലാത്ത ഒരുവളായിരുന്നു സൈനബ. അത് പക്ഷെ ദാരിദ്ര്യം കൊണ്ടോ, വിവാഹം കഴിക്കാന്‍ ആരും വരില്ലെന്ന ചിന്തയോ അല്ല. മറിച്ച് അന്നാട്ടിലുണ്ടായിരുന്ന നാട്ടുനടപ്പുകളില്‍ മനസ്സ് മരവിച്ചത് കൊണ്ടാണത്രെ.
അതിദരിദ്രര്‍ മാത്രം താമസിച്ചുവരുന്ന ഒരു കോളനിയിലായിരുന്നു അവള്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ. തിരിച്ചറിവ് ലഭിച്ച കാലം മുതല്‍ അവള്‍ കാണുന്ന ഒരു കാഴ്ചയായിരുന്നു. വിവാഹപ്രായം അതിക്രമിച്ച പെണ്‍കുട്ടികളെ, ആ നാട്ടിലേക്ക് തെക്കൂന്ന് കടന്നുവരുന്ന അതിഥി തൊഴിലാളികള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുക. പേര് കൊണ്ട് മതത്തിന് ചേര്‍ന്നവരായത് കൊണ്ട് ആരും എതിര്‍ക്കുകയുമില്ല. നല്ലൊരു ജീവിതം സ്വപ്നം കണ്ട് തന്നെയാവും പലരും അവര്‍ക്ക് മുന്നില്‍ തല നീട്ടി കൊടുക്കുന്നത്. ദുരിത കടലില്‍ നിന്ന് അല്‍പമെങ്കിലും ആശ്വാസം കിട്ടട്ടേയെന്ന് മാതാപിതാക്കളും കരുതും. പക്ഷേ ആ ജീവിതത്തിന് അധികം ആയുസ്സുണ്ടാവില്ലെന്ന് മാത്രം. ഒന്നോ രണ്ടോ വര്‍ഷം അതുമല്ലെങ്കില്‍ വയറ്റില്‍ ഒരു ജീവന്‍ കിളിര്‍ക്കുന്നത് വരെ. അത് കഴിയുമ്പോ അവരുപേക്ഷിച്ചു പോകും. തിരഞ്ഞു പോകാന്‍ ഊരോ പേരോ ആര്‍ക്കുമറിയുകയുമില്ല. കൈ പിടിച്ചു കൊടുക്കുമ്പോ തിരക്കാറുമില്ല. തിരക്കിയാല്‍ തന്നെ അവര്‍ ചൂണ്ടി കാണിക്കുന്നിടം അതിനപ്പുറത്തേക്ക് അന്വേഷണമോ വ്യവസ്ഥകളോയില്ല.
വരുന്നവര്‍ക്ക് തത്കാലമൊരിടം, ആവശ്യം നിറവേറ്റാന്‍ ഒരു ശരീരം അതില്‍ പരം ഒന്നും അവര്‍ക്കും വേണ്ട. അങ്ങനെ വിവാഹം കഴിഞ്ഞ പല പെണ്‍കുട്ടികളും ഒക്കത്തും കയ്യിലുമൊക്കെയായി ഓരോ കുട്ടികളുമായി പിന്നെയും ദുരിതജീവിതം പേറണം. ഒടുവിലെ വിധി അതാണെന്നറിയാമെങ്കിലും പലരും അതില്‍ വീണുപോകുന്നു എന്നത് തന്നെയാണ് അവളെ അത്ഭുതപ്പെടുത്തിയിരുന്ന കാഴ്ചയെന്ന് ഇടക്കെപ്പോഴോ എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നുണ്ട്. കേള്‍ക്കുമ്പോ എനിക്കും അതേ അത്ഭുതം തോന്നിയിരുന്നു. അങ്ങനെയാണത്രെ അങ്ങനെയൊരു ജീവിതം തനിക്ക് വേണ്ടെന്ന് അവള്‍ സ്വയം തീരുമാനമെടുത്തത്.
പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചെങ്കിലും, ജീവിക്കാനുള്ള മാര്‍ഗം അവള്‍ സ്വയം കണ്ടെത്തിയിരുന്നു. ഉപ്പയും ഉമ്മയും സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണെങ്കിലും പട്ടിണിയും പരിവട്ടവും സ്ഥിരം കാഴ്ചകളായിരുന്നു. എങ്കിലും ആട് വളര്‍ത്തിയും കോഴിവളര്‍ത്തിയും അവള്‍ക്കുള്ളത് അവളുണ്ടാക്കിയെടുക്കും. അങ്ങനെ വരുന്നവരില്‍ നിന്നും വ്യത്യസ്തമായി തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ഒരു ഗള്‍ഫുകാരന്‍ തന്നെ പെണ്ണുകാണാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ അവള്‍ അടക്കിവെച്ച വിവാഹമെന്ന സ്വപ്നം വീണ്ടും തളിര്‍ക്കുകയായിരുന്നത്രേ.
കാരണം അന്നവളെ പെണ്ണ് തേടിവന്നത് വരനല്ല. അവന്റെ വീട്ടുകാരനാണ്. അവനൊരു കുടുംബമുണ്ട്. വീടുണ്ട് ജീവിക്കാന്‍ ഒരു തൊഴിലുമുണ്ട്. ഇനി ഉപേക്ഷിച്ചു പോയാലും കയറി ചെല്ലാന്‍ ഒരിടമുണ്ട്. അത് മതിയായിരുന്നു പുതിയ ജീവിതത്തിന് കെട്ടുറപ്പുണ്ടാകുമെന്ന് ഉറപ്പ് വരുത്താന്‍. അങ്ങനെയാണ് അവളെനിക്ക് മുന്നില്‍ തലകുനിച്ചതും അവളെന്റെ പെണ്ണായതും. രോഗം വന്നപ്പോ, കിടപ്പിലായപ്പോഉപേക്ഷിക്കപ്പെടുമോയെന്ന് അവള്‍ ഭയന്നു കാണും. പക്ഷേ അങ്ങനെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ എനിക്കവള്‍ വെറുമൊരു പെണ്ണ് മാത്രമായിരുന്നില്ലല്ലോ. എന്റെ ജീവന്റെ പാതിയും കൂടിയായിരുന്നില്ലേ
സുന്ദരിയാണവള്‍ മനസ്സ് കൊണ്ടും, മനോഹാരിത കൊണ്ടും. വിടര്‍ന്ന നീണ്ട കണ്ണുകളും, ഇടതൂര്‍ന്ന മുടികളും, വെളുത്ത നീണ്ട വിരലുകളും, മുത്ത് വീഴുന്നത് പോലെയുള്ള അവളുടെ ചിരിയും ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്. ഓടി ചെന്ന് അവളെ ഇറുകെ പുണരാനും ആ മടിയില്‍ തലചായ്ച്ചുറങ്ങാനും മനസ്സ് കൊതിക്കാറുണ്ട്.