വിഷു ആഘോഷത്തിന് പിന്നാലെ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ചു മടങ്ങിയ ഗൃഹനാഥനെ വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനെ എരിഞ്ചേരി ചക്ലിയ കോളനിയിലെ പത്മനാഭ(60)നാണ് മരിച്ചത്. പത്മനാഭനും സഹോദരനും തൊട്ടടുത്ത വീടുകളിലാണ് താമസം. ഞായറാഴ്ച രാത്രി സഹോദരന്റെ വീട്ടിലായിരുന്നു കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിഷു ആഘോഷിച്ചത്. രാത്രി 10 മണിവരെ കുടുംബാംഗങ്ങള്‍ പാട്ടും നൃത്തവുമായൊക്കെയായിട്ടായിരുന്നു വിഷു ആഘോഷം. പിന്നീട് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ പത്മനാഭനെ പിന്നീട് വീട്ടുകാര്‍ ആരും കണ്ടിരുന്നില്ല. ഇതിനിടയില്‍ പരിചയമുള്ള ഒരാളെ പത്മനാഭന്‍ വിളിച്ചതായി പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനിടയില്‍ തിങ്കളാഴ്ച രാവിലെ 6.30 മണിയോടെ വഴിയരികിലാണ് മൃതദേഹം കാണപ്പെട്ടത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും തലയിലും പരിക്കുണ്ട്. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് കല്ലുകളുമുണ്ട്. കല്ലിന് മുകളില്‍ ചോരപ്പാടുകള്‍ കാണപ്പെട്ടു. വിവരമറിഞ്ഞെത്തിയ ആദൂര്‍ പൊലീസ് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page