കാസര്‍കോട്: നൈലോണ്‍ കയറും പെട്രോള്‍ നിറച്ച കന്നാസും ബാഗുമായി ബി എസ് എൻ എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ഫയര്‍ഫോഴ്‌സ് പിടികൂടി താഴെ ഇറക്കി. മൗവ്വാര്‍, നാരമ്പാടി സ്വദേശിയും നേരത്തെ ബദിയഡുക്കയില്‍ ഫോട്ടോ ഗ്രാഫറുമായിരുന്ന
പി കെ.മോഹന്‍ ദാസിനെയാണ് ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ കാസര്‍കോട് ഫയര്‍ഫോഴ്‌സ് പിടികൂടി താഴെ ഇറക്കിയത്.
ഇന്ന് (ചൊവ്വ) രാവിലെയാണ് മോഹന്‍ ദാസ് ബദിയഡുക്ക ടൗണിലുള്ള ബി എസ് എന്‍ എല്‍ ടവറില്‍ കയറിയത്. ടവറില്‍ കയറി ഒച്ചത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് ബഹളം വച്ചതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസും നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടിയതോടെ മോഹന്‍ ദാസ് കൂടുതല്‍ ഉയരത്തിലേയ്ക്ക് കയറി പോവുകയായിരുന്നു. തന്നെ പിടികൂടാന്‍ ശ്രമിച്ചാല്‍ പെട്രോളൊഴിച്ചു തീകൊളുത്തുമെന്നു ഭീഷണി മുഴക്കി കൊണ്ടിരിക്കുകയും ചെയ്തു. ഇതിനിടയില്‍ കാസര്‍കോട്ടു നിന്നു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസും ഫയർഫോഴ്സും മോഹന്‍ ദാസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ടവറില്‍ കയറി മോഹന്‍ ദാസിനെ പിടികൂടി താഴെ ഇറക്കുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് മോഹന്‍ദാസ് സമാന രീതിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നു അധികൃതര്‍ പറഞ്ഞു. മുകംപാറയില്‍ മോഹന്‍ ദാസിന്റെ അധീനതയില്‍ ഒരേക്കറില്‍ അധികം സര്‍ക്കാര്‍ ഭൂമിയുണ്ട്. പ്രസ്തുത ഭൂമിയില്‍ 18 സെന്റിനു നേരത്തെ പട്ടയം നല്‍കിയിരുന്നു. അവശേഷിക്കുന്ന ഭൂമിക്കും പട്ടയം നല്‍കണമെന്നാണ് മോഹന്‍ ദാസിന്റെ ആവശ്യം.







