കാസര്‍കോട്: പിതാവിനൊപ്പം റബ്ബര്‍ ടാപ്പിംഗിനു പോയ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, മണിയൂര്‍, ചെന്നയ്യ മൂലയിലെ അപ്പയ്യ നായികിന്റെ മകന്‍ ശോഭിത് (26) ആണ് മരിച്ചത്.
പിതാവിനൊപ്പം ഇന്ന് (ചൊവ്വ) പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗിനു പോയതായിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ശോഭിത് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് നേരത്തെ താമസിച്ചിരുന്ന പഴയ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ താഴെ ഇറക്കി മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
അഡൂരിലെ ഒരു മലഞ്ചരക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് ശോഭിത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
മാതാവ്: പ്രേമ. സഹോദരങ്ങള്‍: സുകുമാരന്‍, യോഗേശ്വരി.







