കാടങ്കോട്ടെ കഞ്ഞിയും ഇരിക്കൂറിലെ ബിരിയാണിയും

കൂക്കാനം റഹ്‌മാന്‍

ഞങ്ങളുടെ ചെറുപ്പകാലത്ത് ഉച്ചയ്ക്ക് ‘കഞ്ഞി കുടിച്ചാ’ എന്നും രാത്രി ‘ചോറ് ബൈച്ചാ’ എന്നുമാണ് പരസ്പരം അന്വേഷിക്കാറ്. ഉച്ചക്ക് എന്നും കഞ്ഞിയാണ്. കഞ്ഞിക്കാര്യം പറയുമ്പോള്‍ 1978 ലെ കാടങ്കോട് ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഞാന്‍ ഒരനുഭവം എന്നും ഓര്‍ക്കും. ആ വര്‍ഷത്തില്‍ ടി.പി. അബ്ദുള്‍ ഹമീദ്, കെ. സൂഫി മാസ്റ്റര്‍, പിന്നെ ഞാനും വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് തുരുത്തി ജുമാമസ്ജിദിലാണ് പോയിരുന്നത്. ഹമീദ് മാഷുടെ വീട് പള്ളിയുടെ അടുത്താണ്. സൂഫിമാസ്റ്റര്‍ ഇരിക്കൂര്‍കാരനും ഞാന്‍ കരിവെള്ളൂര്‍കാരനുമായിരുന്നു. ഹമീദ് മാഷ് പള്ളിയില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ ഞങ്ങളെ രണ്ടുപേരെയും കഞ്ഞി കുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. വലിയൊരു തറവാട് വീടായിരുന്നു അത്. ഇത്തരം വലിയ തറവാടുവീടുകളില്‍ ‘തിണ’ എന്നൊരു സംവിധാനം കൊട്ടിലപ്പുറത്തിന്റെ ഒരറ്റത്ത് നിര്‍മ്മിച്ചിട്ടുണ്ടാവും. ഒരു ചെറിയ സ്റ്റേജിന്റെ രൂപം. ഹമീദ് മാഷ് തിണമേല്‍ വിരിച്ച പായയില്‍ ഞങ്ങളെ ഇരുത്തി. ഒരു വലിയ ‘കാസ’ യില്‍ നിറയെ ചുടുള്ള കഞ്ഞി ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവെച്ചു. ഓരോ ചെറിയ പ്ലേറ്റില്‍ കറിയും, മൂന്നു ചെറിയ ‘കയില്’ ഉം കൊണ്ടുവന്നു. അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു. മൂന്നു പേരും ഒറ്റ പാത്രത്തില്‍ നിന്ന് അവരവരുടെ കയില്‍ ഉപയോഗിച്ച് കഞ്ഞി കോരിക്കുടിക്കാന്‍ തുടങ്ങി. അന്നത്തെ സ്നേഹവും ഒരുമയും അന്യംനിന്നു പോയ്ക്കൊണ്ടിരിക്കയാണിന്ന്. അതൊക്കെ പഴഞ്ചനും വൃത്തിയില്ലായ്മയുമാണെന്ന് വിലയിരുത്തുന്നവരുണ്ടാവാം. പക്ഷേ ഒരുമയുടെയും പരസ്പര സ്നേഹത്തിേന്റെയും മകുടോദാഹരണമായിരുന്നു ഒപ്പമുള്ള കഞ്ഞി കുടി.
ഇരിക്കൂര്‍കാരനായ സൂഫി മാസ്റ്റര്‍ കണക്കധ്യാപകനാണ്. എല്ലാം കൃത്യതയോടെ നടക്കണമെന്ന മോഹക്കാരനാണ്. അവിവാഹിതനായിരുന്നു സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍. വെളുത്തു മെലിഞ്ഞ സുന്ദരനായിരുന്നു കക്ഷി. 1979 ലാണെന്നാണ് ഓര്‍മ്മ. സൂഫിമാസ്റ്റര്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന വിവരം അറിഞ്ഞു. സ്‌കൂള്‍ സ്റ്റാഫിനെ മുഴുവന്‍ ക്ഷണിച്ചു. ഇരിക്കൂറിലെത്തണം. ദൂരമുണ്ട്. അതുകൊണ്ട് പലരും ഒഴിഞ്ഞു നിന്നു. ഞങ്ങള്‍ അഞ്ചുപത്തു പേര്‍ വിവാഹത്തിനെത്തി. നല്ല സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഭക്ഷണ ഹാളില്‍ നിന്ന് വല്ലാത്തൊരു ഹരം പിടിപ്പിക്കുന്ന ഗന്ധം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി. അതുവരെ കഴിച്ചിട്ടില്ലാത്ത ഒരു ആഹാര പദാര്‍ത്ഥമാണതെന്ന് തോന്നി. എങ്ങിനെയെങ്കിലും വേഗം ഭക്ഷണ ഹാളിലേക്കു കടന്നുചെല്ലാന്‍ ആഗ്രഹം തോന്നി. ഞങ്ങളുടെ ഊഴം വന്നു. സ്‌കൂളില്‍ നിന്നു പോയ സ്റ്റാഫിന് പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. ഞങ്ങളുടെ മുമ്പിലേക്ക് അലിസയും പഞ്ചസാരയുമൊക്കെ വന്നു. അത് കഴിഞ്ഞപ്പോള്‍ അതാ വരുന്നു മനം കവരുന്ന മണമുള്ള ബിരിയാണി. അത് ഇക്കാലത്ത് കിട്ടുന്ന ബിരിയാണിയല്ല. അന്നാണ് ഞാന്‍ ആദ്യമായി ബിരിയാണി കാണുന്നതും കഴിക്കുന്നതും. എല്ലാ സുഗന്ധവ്യഞ്ജനങ്ങളും കൃത്യമായ അളവില്‍ അതില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. നാടന്‍ ചിക്കനായിരുന്നു അതില്‍ ചേര്‍ത്തിരുന്നത്. എന്തുകൊണ്ടും രുചിയേറിയ വിഭവമായിരുന്നു ഇരിക്കൂറില്‍ നിന്ന് ലഭിച്ച ബിരിയാണി. അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നമ്മുടെ നാട്ടിലൊക്കെ ബിരിയാണി പ്രചാരത്തിലായത്. ഇക്കാലത്തെ ബിരിയാണിയൊക്കെ പേരില്‍ മാത്രമെയുള്ളു. അതില്‍ രുചി തോന്നിക്കുന്ന മസാലകളൊന്നും അനുയോജ്യമായ അളവില്‍ ചേര്‍ത്തു കാണുന്നില്ല. കുറച്ച് നെയ്ച്ചോറും അതില്‍ ഒന്നോ രണ്ടോ കോഴിക്കഷണവും അല്‍പം മസാലയും ചേര്‍ത്താല്‍ ബിരിയാണിയായി.
ഇരിക്കൂറില്‍ നിന്ന് 1978 ല്‍ ആദ്യമായി കഴിച്ച ബിരിയാണിയുടെ ടേസ്റ്റും മണവും ഇന്നും നാക്കിന്‍ തുമ്പത്തും, നാസാരന്ധ്രത്തിലും തത്തിക്കളിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page