കുമ്പള: കുമ്പള ടൗണില്‍ ഗതാഗത സംവിധാനം പരിക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ചു.
രാവിലെ ആരംഭിച്ച പരിഷ്‌ക്കരണം 16വരെ ഇത്തരത്തില്‍ തുടരും. 17മുതല്‍ ട്രാഫിക് സംവിധാനം ഇതേ നിലയില്‍ പ്രാബല്യത്തില്‍ വരുത്തുമെന്നും അതിനുശേഷം ട്രാഫിക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷ്, എസ് ഐ മാരായ ശ്രീജേഷ്, പ്രദീപ് കുമാര്‍, അനന്തകൃഷ്ണ എന്നിവര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്‌ക്കരണം ഇവരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

പുതുക്കിയ ഗതാഗതസംവിധാനമനുസരിച്ചു ടൗണില്‍ പ്രവേശിക്കുന്ന മംഗ്‌ളൂരു, കാസര്‍കോട് ബസ്സുകള്‍ കുമ്പള- ബദിയഡുക്ക റോഡില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ബസ് വെയ്റ്റിംഗ് ഷെഡ്ഡിനു മുമ്പില്‍ നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
അതിനു ശേഷം നിലവിലുള്ള സ്റ്റാന്റില്‍ പാര്‍ക്കില്‍ ചെയ്തു സമയക്രമമനുസരിച്ചു യാത്രതിരിക്കണം. കുമ്പളയില്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനും ബസ്സുകള്‍ക്ക് അഞ്ചുപോയിന്റുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ചു ബസ് വെയ്റ്റിംഗ് ഷെഡ്ഡുകളില്‍ ഒന്നിനു മുന്നില്‍ ആണ് കാസര്‍കോട്, ബസ് നിറുത്തേണ്ടത്. മംഗളൂരു ബസ്സുകള്‍ക്കുമാത്രമായി മറ്റൊരു പോയിന്റും കളത്തൂര്‍- ബംബ്രാണ ബസ്സുകള്‍, കാസര്‍കോട്ടേക്കുള്ള ലോക്കല്‍ ബസ്സുകള്‍, തലപ്പാടി ബസ്സുകള്‍ എന്നിവക്കു മറ്റൊരു പോയിന്റുകളുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ ബദിയഡുക്ക റോഡില്‍ മറ്റൊരു ബസ് വെയ്റ്റിംഗ് ഷെഡ്ഡും സജ്ജീകരിച്ചിട്ടുണ്ട്. അതിനു മുന്നിലാണ് ബദിയഡുക്ക, പെര്‍ള, മുള്ളേരിയ, സീതാംഗോളി ബസുകള്‍ നിറുത്തേണ്ടത്.
ഓട്ടോ റിക്ഷകള്‍ ടൗണിലെ പ്രകാശ് മെഡിക്കല്‍ മുതല്‍ ഒബര്‍ക്കള കോംപ്ലക്‌സുവരെ ക്യൂ സമ്പ്രദായത്തില്‍ നിറുത്തിയിടണം. പൊലീസ് സ്റ്റേഷന്‍ റോഡിനും ഓട്ടോകള്‍ക്ക് പ്രത്യേക സ്റ്റാന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.







