നേതാവ് വേണോ, അണികള്‍ വേണോ? സി.പി.എം മഞ്ചേശ്വരം ഏരിയ കമ്മിറ്റി തീരുമാനം ഇന്നു ഉച്ചയ്ക്ക് 2 മണിക്ക്

കാസര്‍കോട്: പാര്‍ട്ടിക്കു വലുത് നേതാവാണോ പ്രവര്‍ത്തകരാണോ എന്ന് സി.പി.എം. ബന്തിയോട് ലോക്കല്‍ കമ്മിറ്റിക്ക് സംശയം. സംശയം അവര്‍ ആദ്യം സ്വയം ചോദിച്ചു. പിന്നീട് പരസ്പരം ചോദിച്ചു. ഒടുവില്‍ ഏരിയ കമ്മിറ്റിയോടു ചോദിച്ചതോടെ നേതൃത്വം ഇടപെട്ടു. ശനിയാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഏരിയ കമ്മിറ്റി തീരുമാനിച്ചെങ്കിലും ഇടതുമുന്നണി ലോക്സഭാ സ്ഥാനാര്‍ത്ഥി മഞ്ചേശ്വരം പര്യടനത്തിനെത്തിയതോടെ അതു ഇന്നത്തേക്കു മാറ്റിവച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏരിയ കമ്മിറ്റി ഓഫീസിലാണ് യോഗം. പാര്‍ട്ടിക്ക് വലുത് നേതാവോ പ്രവര്‍ത്തകരോ എന്നതില്‍ രണ്ടിലൊന്ന് ഇന്നറിയണമെന്ന വാശിയിലാണ് അംഗങ്ങള്‍ എന്നു പറയുന്നു. നേതാവിനെതിരെ നിരന്തരം ദുര്‍നടപ്പ് ആരോപണം ഉയരുന്നതാണ് അണികളെ ചൊടിപ്പിച്ചിട്ടുള്ളതെന്ന സംസാരവുമുണ്ട്. ഒരു പ്രാദേശിക നേതാവിനെതിരെയാണ് പ്രതിഷേധം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ആരോപണ വിധേയനായ നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയില്ലെങ്കില്‍ തങ്ങള്‍ പാര്‍ട്ടി വിടുമെന്നു പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അടുത്തിടെ ഉണ്ടായ വിവാദത്തില്‍ നാട്ടുകാര്‍ നേതാവിനെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്തിരുന്നതായി പറയുന്നു. അന്ന് 30,000 രൂപ നല്‍കി പ്രശ്നം ഒതുക്കുകയായിരുന്നു നേതാവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. അതിനുശേഷം പാര്‍ട്ടി പരിപാടിയില്‍ സമാരാധ്യനായി നേതാവ് പ്രത്യക്ഷപ്പെടുന്നതും നേതൃത്വം നേതാവിനെ എഴുന്നള്ളിച്ചു നടക്കുന്നതുമാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്. മുമ്പും ഇത്തരം ആരോപണങ്ങള്‍ നേതാവിനെതിരെ ഉയര്‍ന്നിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page