കാസര്‍കോട്: രാജപുരത്തെ വനത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പെരുമ്പട്ട കക്കോടിയിലെ മാത്യൂ തോമസ് എന്ന സിബി(57)യാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബെഡൂര്‍ സെന്റ് മെരേസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മാര്‍ച്ചുമാസത്തിലാണ് മരംവെട്ടുകാരനായ സിബി നാടുവിട്ടത്. രണ്ടുദിവസം മുമ്പാണ് ചാമുണ്ടിക്കുന്നിലെ എന്‍എസ്എസ് എസ്റ്റേറ്റിന് സമീപത്തെ വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കൂണ്‍ ശേഖരിക്കാന്‍ പോയവരാണ് അഴുകിയനിലയില്‍ മൃതദേഹം കണ്ടത്. ഒരുമാസത്തിലധികം പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രവും സ്റ്റീല്‍ വളയും കണ്ട് ബന്ധുക്കള്‍ ആളെ തിരിച്ചറിയുകയായിരുന്നു. ഇനി ഡിഎഎന്‍എ ടെസ്റ്റിന്റെ പരിശോധനഫലം കൂടി ലഭിക്കണം. പനത്തടിയിലെ പരേതരായ ചെറിയനോലിക്കല്‍ തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ് സിബി. ഭാര്യ: ആനിത്തോട്ടത്തില്‍ കുടുംബാംഗം ഷിജി. മക്കള്‍: ടിന്റു, ലിന്റു, എബിന്‍. മരുമകന്‍: ആല്‍ബിന്‍. സഹോദരങ്ങള്‍: ബെന്നി, ജെസ്സി, ഷാന്റി (പെയിന്റര്‍), പാസ്റ്റര്‍ സന്തോഷ്.







