കാസര്‍കോട്: ദേലംമ്പാടി ഗ്രാമപഞ്ചായത്തിലെ അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ ചരിത്ര സാക്ഷിയായി രണ്ടു പീരങ്കികള്‍. പതിനെട്ടാം നൂറ്റാണ്ടിലോ അതിനു മുമ്പോ തീതുപ്പിയ ഈ പീരങ്കികള്‍ പടയോട്ട കാലത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. അഡൂര്‍ ശിലാശാസനത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി ക്ഷേത്രം സന്ദര്‍ശിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ.നന്ദകുമാര്‍ കോറോത്ത് പീരങ്കികളുടെ ചരിത്ര പ്രാധാന്യം വിലയിരുത്തി. രണ്ട് പീരങ്കികളും നിര്‍മ്മിച്ചത് സങ്കര ലോഹം കൊണ്ടാണ്. പീരങ്കികളില്‍ ഒന്ന് പല ദിശ കളിലേക്ക് തിരിക്കുന്നതിനുള്ള കൈപ്പിടി ഉള്‍പ്പെടെ 96 സെന്റിമീറ്റര്‍ നീളവും കൈപ്പിടിയില്ലാത്ത രണ്ടാമത്തേതിന് 90 സെന്റീമീറ്റര്‍ നീളവുമാണുള്ളത്. ചക്രങ്ങളില്‍ ഉറപ്പിക്കാന്‍ പാകത്തില്‍ പീരങ്കികളുടെ രണ്ട് ഭാഗത്തും പിടികള്‍ ഉണ്ട്. സൈനിക മുന്നേറ്റത്തില്‍ ചക്രങ്ങള്‍ ഘടിപ്പിച്ച് പടയോട്ടക്കാലത്ത് ശത്രു സൈനികര്‍ക്ക് നേരെ വിന്യസിച്ചതായിരിക്കാമെന്ന് അദ്ദേഹം പറയുന്നു. പീരങ്കികളുടെ വലുപ്പം ചെറുതാണ്. വിദേശ രാജ്യങ്ങളുടെ മുദ്രയോ നിര്‍മ്മിച്ച വര്‍ഷമോ പീരങ്കികളില്‍ വ്യക്തമായി ദൃശ്യമല്ല. തദ്ദേശീയ നിര്‍മ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് ഗവേഷകനായ നന്ദകുമാര്‍ പറയുന്നു. ഒരു കാലഘട്ടത്തിലെ ഏറ്റുമുട്ടലുകളുടെയും പ്രതിരോധത്തിന്റെയും ചരിത്ര സാക്ഷിയായി ഇന്നും അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്ര പറമ്പില്‍ പീരങ്കികള്‍ സംരക്ഷിച്ചു വെച്ചിട്ടുണ്ടെന്നത് ക്ഷേത്ര അധികൃതരുടെ ചരിത്രബോധത്തിന്റെ തെളിവാണ്.








