കണ്ണൂര്‍: രാത്രി വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെറുപുഴ, പ്രാപ്പൊയില്‍ പെരുന്തടം സ്വദേശി രാജേഷിനെ ആസിഡ് ഒഴിച്ച് ആക്രമിച്ച കമ്പല്ലൂര്‍ പെരളം സ്വദേശി റോബിനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. റോബിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആസിഡ് ഒഴിച്ചശേഷം അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റോബിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റ രാജേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് ആക്രമണം ഉണ്ടായ വീടിന്റെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിരുന്നു.