തിരയില്‍ പെട്ടു തോണിയില്‍ തെറിച്ചു വീണു അബോധാവസ്ഥയിലായ മത്സ്യതൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനായി ഫൈബര്‍ തോണി കടലില്‍ ഇറക്കുന്നതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് തോണിയിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷനു സമീപത്തെ കോട്ടിക്കുളം, സായൂജ് നിവാസില്‍ ജി കൃഷ്ണന്‍ (58) ആണ് മരിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് കൃഷ്ണന്‍ അപകടത്തില്‍പ്പെട്ടത്. മറ്റു തൊഴിലാളികള്‍ക്കൊപ്പം പള്ളിക്കര കടലില്‍ ഫൈബര്‍ തോണി ഇറക്കുന്നതിനിടയില്‍ തിരമാല ആഞ്ഞടിച്ചപ്പോള്‍ കൃഷ്ണന്‍ തോണിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന കൃഷ്ണന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മരണം സംബന്ധിച്ച് ബേക്കല്‍ കോസ്റ്റല്‍ പോലീസ് കേസെടുത്തു. പരേതനായ ശേഖരന്‍-പാര്‍വതി ദമ്പതികളുടെ മകനാണ്. ഭാര്യ: സുശീല. മക്കള്‍: സച്ചിന്‍ കൃഷ്ണ, സൂരജ് കൃഷ്ണ, സായൂജ്കൃഷ്ണ. സഹോദരങ്ങള്‍: പ്രഭാകരന്‍, യശോദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page