ഗവര്‍ണര്‍ കെട്ടുന്ന വിഡ്ഢിവേഷങ്ങളൊന്നും കേരളീയ സമൂഹത്തില്‍ ഏശില്ല; പറയുന്നതെല്ലാം കളവെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ വിഡ്ഢി വേഷം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നും കേരളീയ സമൂഹത്തില്‍ ഏശാന്‍ പോകുന്നില്ല. തന്നെ ആക്രമിച്ചുവെന്നുള്‍പ്പെടെ ഗവര്‍ണര്‍ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ തന്റെ വണ്ടിയില്‍ അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് കളവാണെന്ന് മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കുന്നു എന്നു പറഞ്ഞാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അത്രത്തോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. തന്നെ അക്രമിക്കുന്നു എന്ന നില വരുത്തി അതിന്റെ പുറത്ത് കേന്ദ്രത്തെക്കൊണ്ട് നിലപാട് എടുപ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ജനങ്ങള്‍ കരുതുന്നതില്‍ തെറ്റില്ല. ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്‌സ് പോയ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വരണം. ചിലപ്പോള്‍ ഇനിയും ഇതുപോലുളള ആര്‍എസ് എസുകാരനാകും വരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വരുത്തിയത്. ഇതെല്ലാം വളഞ്ഞ വഴികളാണ്. 356ാം വകുപ്പ് ഇവിടെ നടപ്പാക്കാന്‍ സാധിക്കില്ല. ഇലക്ഷന്‍ തന്നെയാണ് ഈ പ്രവര്‍ത്തികളുടെയെല്ലാം ലക്ഷ്യം. എന്തും ചെയ്യാനുള്ള ലൈസന്‍സ് തങ്ങള്‍ക്കുണ്ടെന്ന രീതിയിലാണ് ഗവര്‍ണറും കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. സിപിഐ എമ്മിനെ ശത്രുവായി കാണുന്ന കോണ്‍ഗ്രസും ഇതിനെ പിന്തുണയ്ക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page