പെരിയ: പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവ നഗരിയിലേക്ക് ജനം ഒഴുകുന്നു.
കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളില്‍ ഒന്നായ നാടക മത്സരം സ്‌കൂളിലെ പ്രധാന വേദിയില്‍ ആരംഭിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളിലുള്ള നാടകപ്രവര്‍ത്തകരും നാടകാസ്വാദകരും രാവിലെ തന്നെ ഓഡിറ്റോറിയത്തിലെത്തി ഇരിപ്പിടം പിടിച്ചിരുന്നു. യുപി വിഭാഗത്തിന്റെ നാടകത്തോടെയാണ് നാടകോത്സവത്തിന് തുടക്കമായത്. വേദിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വേലി കാഴ്ച മറയ്ക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് എടുത്തുമാറ്റി.

യുപി വിഭാഗം നാടക മത്സരത്തിനു ശേഷം ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരം ആരംഭിക്കും. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരം നടക്കും.
അടുക്കളയും ഊട്ടുപുരയും സജീവമാണ്. കലോത്സവ നഗരിയിലെത്തുന്നവര്‍ക്കെല്ലാം ഭക്ഷണമൊരുക്കി സംഘാടകസമിതി മാതൃകയായി. കലോത്സവ സമാപന ദിവസമായ നാളെ (ശനി) ഉച്ചയ്ക്ക് സംഘാടകസമിതി സ്‌നേഹസദ്യ ഒരുക്കിയിട്ടുണ്ട്. പതിനായിരത്തിലധികം പേരെത്തുമെന്നാണ് സംഘാടകസമിതിയുടെ കണക്കുകൂട്ടല്‍.










