കാസര്‍കോട്: പ്രശസ്ത കന്നഡ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണ റായിയുടെ സ്മരണാര്‍ത്ഥം ബദിയടുക്കയില്‍ 2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സാംസ്‌കാരിക ഭവനത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചു. അടുത്തമാസം രണ്ടാംവാരത്തില്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തുമെന്നു കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി ചെയര്‍മാന്‍ സോമണ്ണ ബേവിനമറദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 30 നാണ് ഉദ്ഘാടനം തീരുമാനിച്ചത്. എന്നാല്‍ നിയമസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ മുഖ്യമന്ത്രിമാര്‍ക്ക് സംബന്ധിക്കാന്‍ അസൗകര്യമുണ്ട്. അതിനാലാണ് ഉദ്ഘാടനം മാറ്റിവക്കേണ്ടിവന്നത്. കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് ഭവനം നിര്‍മിച്ചിരിക്കുന്നത്. 2023 മാര്‍ച്ചിലാണ് ഇതിന്റെ ശിലാസ്ഥാപനം നടന്നത്.

കവിയുടെ കുടുംബം സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയിലാണ് ഈ മന്ദിരം പണിതത്. കാസര്‍കോട്ടെ കന്നഡ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ളില്‍ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ മാഹിന്‍ കേളോട്ട്, കവിയുടെ മകന്‍ പ്രസന്ന റൈ, താരാനാഥ് റായി, എആര്‍ സുബ്ബയ്യക്കട്ട, അഖിലേഷ് നഗുമുഖം എന്നിവരും പങ്കെടുത്തു.







