പയ്യന്നൂർ: കണ്ണവം,കോളയാട് ആലച്ചേരി അസംസ്പഷന്‍ ദേവാലയത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും ദേവാലയ പരിസരത്ത് നിർത്തിയിട്ടിരുന്നബൈക്കും കവര്‍ന്ന കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ വയോധികന്‍ പിടിയില്‍. എറണാകുളം വാരാപ്പുഴ സ്വദേശി എം.പി സജീവനെ (61)ആണ് കണ്ണവം എസ്.ഐ: കെ.കെ മിഥുന്‍ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 11.15നും രാത്രി 11.30നും ഇടയിലായിരുന്നു കവർച്ച. ആള്‍ത്താരയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയും പള്ളിയുടെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്നബൈക്കുമാണ് മോഷ്ടിച്ചത്. പ്രതിയുടെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സജീവന്‍ കുടുങ്ങിയത്.
വയനാട് ജില്ലയിലെ പുല്‍പ്പള്ളി, അമ്പലവയല്‍, തിരുനെല്ലി, ഇടുക്കി ജില്ലയിലെ അടിമാലി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയായിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്താറുള്ളത്. അടിമാലിയിലെ കേസില്‍ അറസ്റ്റിലായി ആറ് മാസം ജയിലിൽ കഴിഞ്ഞ സജീവൻ നവംബർ 13നാണ് പുറത്തിറങ്ങിയത്. സി.പി.ഒമാരായ ജിന്റോ ബേബി, ഫൈസല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.







