കാഞ്ഞങ്ങാട്: പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷ്യശുചിത്വ ലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ആരോഗ്യവകുപ്പ്. ഓപ്പറേഷന്‍ സേഫ് ബൈറ്റിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ഭക്ഷണം തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന ശുചിത്വനിലവാരം പ്രത്യേകം പരിശോധിച്ചു. ഓപ്പറേഷന്‍ സേഫ് ബൈറ്റിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍, പി.വി. സജീവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരാഗ് പി. മണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.







