ജോലി ഗര്‍ഭംധരിപ്പിക്കല്‍; ശമ്പളം 13 ലക്ഷം; സമാശ്വാസസമ്മാനം വേറെയും; രാജ്യത്തുടനീളം റാക്കറ്റുകള്‍ സജീവം; വലയില്‍ വീണത് നിരവധി പേര്‍

‘ജോലി സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍, പ്രതിഫലം 13 ലക്ഷം രൂപ, ഇനി ശാരീരികബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കിലും അഞ്ചുലക്ഷം രൂപ സമാശ്വാസസമ്മാനം’. ഈ പരസ്യത്തില്‍ പെട്ടുപോയവര്‍ നിരവധി. കേരളത്തിലടക്കം നിരവധി പേരുടെ പണം നഷ്ടമായതോടെ പൊലീസ് സംഘത്തെ തെരയുന്നുണ്ടായിരുന്നു. പുരുഷന്മാരാണ് കൂടുതലും വലയില്‍ വീണത്. കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭിണിയാക്കാന്‍ ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യമാണ് യുവാവിന് കെണിയായത്.
എന്നാല്‍, ഈ തട്ടിപ്പുസംഘത്തെ ബിഹാര്‍ പൊലീസ് കൈയോടെ പിടികൂടി. എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തു. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. ‘ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ് ഏജന്‍സി’ എന്ന പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരില്‍നിന്നാണ് ഇവര്‍ പണം തട്ടിയിരുന്നത്.
വാട്‌സാപ്പ് വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയുമാണ് ഇവര്‍ ഇരകളായ പുരുഷന്മാരെ പരിചയപ്പെടുന്നത്. ഭര്‍ത്താവില്‍നിന്നും ജീവിതപങ്കാളിയില്‍നിന്നും ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ ശാരീരികബന്ധത്തിലൂടെ ഗര്‍ഭം ധരിപ്പിക്കുകയെന്നതാണ് ജോലിയെന്ന് തട്ടിപ്പുസംഘം ആദ്യം അറിയിക്കുക. സ്ത്രീ ഗര്‍ഭിണിയായാല്‍ 13 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഇനി ‘ജോലിചെയ്തിട്ടും’ ഫലമുണ്ടായില്ലെങ്കിലും വിഷമിക്കേണ്ട, അഞ്ചുലക്ഷം രൂപ സമാശ്വാസസമ്മാനമായി നല്‍കുമെന്നും തട്ടിപ്പുകാരുടെ വാഗ്ദാനത്തിലുണ്ടായിരുന്നു. 799 രൂപ അടച്ച് ഈ ജോലിക്കായി രജിസ്‌ട്രേഷന്‍ ചെയ്യണമെന്നതാണ് ആദ്യനിര്‍ദേശം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഒട്ടേറെ സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കും. ഇതില്‍നിന്ന് ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത സ്ത്രീകളുമായി ശാരീരികബന്ധത്തിന് ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ എന്ന പേരില്‍ നിശ്ചിതതുക അടയ്ക്കണമെന്നുമാണ് ആവശ്യപ്പെടുക. ഇത് 5000 രൂപ മുതല്‍ 20,000 രൂപ വരെ വരും. തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ സൗന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക നിശ്ചയിക്കുന്നതെന്നാകും തട്ടിപ്പുസംഘത്തിന്റെ വിശദീകരണം. അതിനാല്‍ സുന്ദരിമാര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്നും ഇവര്‍ അറിയിക്കും. കൂടാതെ നേരത്തെ പണം ലഭിച്ചവരുടെ ലിസ്റ്റും കാട്ടി വിശ്വാസ്യത നേടിയെടുക്കും. ഇതുകാണുമ്പോള്‍ പലരും ജോലിക്ക് അപേക്ഷിക്കും. ഒടുവില്‍ ഈ പണവും നല്‍കി ‘ജോലിക്കായി’ കാത്തിരുന്നാലും പിന്നീട് വിളിയൊന്നും വരില്ല. ഒടുവില്‍ കാത്തിരിപ്പ് നീണ്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്. മാഹി സ്വദേശിയായ 34 കാരനും ഇത്തരം സംഘത്തിന്റെ വലയില്‍പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page