കാസര്‍കോട്: ദക്ഷിണകന്നഡ, കുടക് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റു സംഘം ഇറങ്ങിയതായി സൂചന. മടിക്കേരി, താലൂക്കിലെ കാലൂരു ഗ്രാമത്തിലെ കൂജിമല വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കടയില്‍ അജ്ഞാത സംഘം എത്തിയതാണ് മാവോയിസ്റ്റുകള്‍ ഇറങ്ങിയെന്ന സംശയത്തിന് ഇടയാക്കിയത്. ഇതേ തുടര്‍ന്ന് കര്‍ണ്ണാടക പൊലീസിലെ നക്സല്‍ വിരുദ്ധ സേനയായ എഎന്‍എഫ് തിരച്ചില്‍ ഊര്‍ജിതമാക്കി. വാഹനത്തിനകത്ത് സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ കണ്ടാലുടന്‍ വെടിവെക്കാനുള്ള തയ്യാറെടുപ്പുകളോടെയാണ് സേന തെരച്ചില്‍ തുടരുന്നത്. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ആയുധധാരികളായ സംഘമാണ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കടയില്‍ കഴിഞ്ഞ ദിവസമെത്തി അരിയടക്കമുള്ള സാധനങ്ങള്‍ വാങ്ങിപ്പോയത്. കുടക് അതിര്‍ത്തിയില്‍ നേരത്തെയും നക്സല്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ കേരള പൊലീസിന്റെ ‘തണ്ടര്‍ബോള്‍ട്ട്’ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതോടെ നീങ്ങിയ സംഘമാണോ കുടക് വനമേഖലയില്‍ എത്തിയതെന്നും സംശയിക്കുന്നുണ്ട്. അതിര്‍ത്തി ജില്ലയില്‍ മാവോയിസ്റ്റു സാന്നിധ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കേരള പൊലീസും ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കി.
