കസർകോട്: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ മൂന്നു പേർക്കു പരിക്കേറ്റു. രണ്ടു വീടുകൾക്കു കേടുപാടുണ്ടായി. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ വീടിൻ്റെ മേച്ചിലോടുകൾ ഇളകി വീണാണ് ഇവർക്കു പരിക്കേറ്റത്. മഴക്കൊപ്പമുണ്ടായ ഇടിമിന്നലിൽ ഇവരുടെ ഓടിട്ട പഴയ വീടിൻ്റെ മേച്ചിലോടുകൾ വീട്ടിനുള്ളിലേക്ക് ഇളകി വീഴുകയായിരുന്നു. അപകടമുണ്ടായ വീടിനടുത്തു പുതുതായി നിർമ്മിച്ച കോൺക്രീറ്റ് വീടിനു വിളളലുണ്ടായതായും വയറിംഗ് കത്തിനശിച്ചതായും പറയുന്നു. വിവരമറിഞ്ഞു പഞ്ചായത്തു മെമ്പർ അവിനാശ് മച്ചാഡോ, ബി.ജെ.പി.നേതാക്കളായ പ്രദീപ്, പ്രസാദ് എന്നിവർ സ്ഥലത്തെത്തി.
