ന്യൂഡല്‍ഹി: പാർലമെൻ്റിലെ ചോദ്യത്തിനു കോഴയായി പണം വാങ്ങിയെന്ന വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്‍ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്.പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. വിഷയത്തില്‍ പരിശോധന നടത്തിയ സമിതി 500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹുവയ്‌ക്കെതിരെ സര്‍ക്കാര്‍ നിയമപരമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ സമിതി ശിപാര്‍ശ ചെയ്തു.
കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്‍ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശൻ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു.
കഴിഞ്ഞയാഴ്ച എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായ മഹുവ മൊയ്ത്ര ക്ഷുഭിതയായി ഇറങ്ങിപ്പോയിരുന്നു. കമ്മിറ്റി അംഗങ്ങള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതായി മഹുവ സ്പീക്കര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. റിപ്പോർട്ട് അംഗീകരിച്ചാൽ മൊയ് ത്രയുടെ എം.പി സ്ഥാനം നഷ്ടമാകും.