കാസര്‍കോട്: ഫോട്ടോയുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. പരിക്കേറ്റ നെക്രാജെ, പൈക്ക സ്വദേശി ചാമുണ്ഡിമൂല ഹൗസിലെ എം.ബാലകൃഷ്ണ(38) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നെക്രാജെ, അര്‍ളടുക്കയിലെ രജ്ഞിത്തിനെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ബാലടുക്ക ഓട്ടോ സ്റ്റാന്റിനു സമീപത്താണ് സംഭവം. കുത്തേറ്റ യുവാവും പ്രതിയുടെ ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ, മൊബൈലിലേയ്ക്ക് ആരോ അയച്ചു കൊടുത്തതാണ് അക്രമത്തിനു കാരണമെന്ന് കേസില്‍ പറയുന്നു. ഓട്ടോ സ്റ്റാന്റിനു സമീപത്ത് കണ്ട ബാലകൃഷ്ണനെ കഴുത്തിനു പിടിച്ചു തടഞ്ഞു നിര്‍ത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇതിനിടയില്‍ ബാലകൃഷ്ണന് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ രജ്ഞിത്ത് തന്റെ സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു ചുമലില്‍ കുത്തുകയായിരുന്നു. നിലത്തുവീണ ബാലകൃഷ്ണന്റെ നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചുവെങ്കിലും തടയുന്നതിനിടയില്‍ കത്തി വയറില്‍ കൊണ്ടു മാരകമായി മുറിവേല്‍ക്കുകയും ചെയ്തതായി ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അതേ സമയം കുത്തേറ്റ ബാലകൃഷ്ണന് അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
