കാസർകോട്: റാണിപുരം റോഡിലെ നെല്ലിത്തോട് ഭാഗത്ത് കാറുകൾ മറിഞ്ഞു. യാത്രക്കാർക്ക് പരിക്ക്. അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണ് നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ആദ്യ അപകടം നടന്നത്. കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ അരകിലോമീറ്റർ ദൂരെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള എര്‍ട്ടിഗ കാര്‍ റോഡരികിലെ കുന്നിൽ ഇടിച്ച ശേഷം റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. കാറുകൾ പൂർണ്ണമായും തകർന്നിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.







