ചായ്യോത്ത് : രാഷ്ട്രീയ സാംസ്‌കാരിക കലാ കായിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ചായ്യോം ചേലക്കാട്ടെ വിജയന്റെ ജീവൻ രക്ഷിക്കാൻ നാട് സഹജീവിസ്നേഹികളായ നാട്ടുകാരോട് അഭ്യർത്ഥിക്കുന്നു. രണ്ട് കിഡ്‌നിക്കും അസുഖം ബാധിച്ചതിനെത്തുടർന്നു വിജയൻ ഇപ്പോൾ ഡയാലിസിസ് ചെയ്‌തു വരികയാണ്. നാട്ടിലെ ഏത് കാര്യത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടാകുന്ന വിജയനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് കിഡ്‌നി മാറ്റിവെക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഭാരിച്ച ചികിത്സാ ചെലവ് പെയിൻറിംഗ് തൊഴിലാളിയായ വിജയന്റെ ദരിദ്രകുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് . മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി മുമ്പ് ചായ്യോത്തുള്ള തോട് വൃത്തിയാക്കുന്നതിനിടെ എലിപ്പനി ബാധിച്ച വിജയൻ ചികിത്സ തേടിയിരുന്നു. അതിൻ്റെ അനന്തരഫലമായി ക്രിയാറ്റിൻ ലെവൽ വളരെയധികം വർധിക്കുകയും രണ്ട് കിഡ്‌നികളും പ്രവർത്തനരഹിതമാവുകയുമായിരുന്നു . പരിശോധന നടപടികൾ പൂർത്തിയായതിനാൽ ഈ മാസം അവസാനത്തോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം നടത്തി കഴിഞ്ഞു. ചികിത്സക്ക് ഇനിയും ഏകദേശം 20 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു. പണം സ്വരൂപിക്കുന്നതിനു മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ (മുഖ്യ രക്ഷാ), എൻ വി സുകുമാരൻ (ചെയർ), ടി വി രത്നാകരൻ (കൺ), ബാബുരാജൻ (ട്രഷ) എന്നിവർ ഭാരവാഹികളായി ജനകീയ ചികിത്സ കമ്മറ്റി രൂപീകരിച്ചു.സഹായം നൽകാൻ ആഗ്രഹിക്കുന്ന ഉദാരമതികൾ എസ് ബി ഐ നീലേശ്വരം ടൗൺ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ : 43394590125, IFSC CODE: SBIN0070675 ലേക്ക് സഹായം അയക്കണമെന്ന് ചികിത്സ കമ്മിറ്റി അഭ്യർത്ഥിച്ചു.







