കാസര്‍കോട്: കാസര്‍കോട് ജില്ലാ ആശുപത്രിക്കു പ്രമേഹ രോഗ പരിശോധനക്കു സഞ്ചരിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി യൂണിറ്റ് സംഭാവന നല്‍കുമെന്നു ലയണ്‍സ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മാഹി ജില്ലകളുള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ഭാരവാഹികള്‍ അറിയിച്ചു. ആകെ 10 കോടിയുടെ സേവനം നടപ്പാക്കും.
മടിക്കൈ അടുക്കത്തു പറമ്പില്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന് ഒരു കോടി രൂപ നല്‍കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 26-നു കാഞ്ഞങ്ങാട്ടു ചേരുന്ന ലയണ്‍സ് ഡിസ്ട്രിക്ട് യോഗത്തില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണറായി ടൈറ്റസ് തോമസും, വൈസ് ഗവര്‍ണര്‍മാരായി പി എസ് സൂരജും, വത്സലാ ഗോപിനാഥും സ്ഥാനമേല്‍ക്കും. ക്യാബിനറ്റ് അംഗങ്ങളും ചുമതലയേല്‍ക്കും. മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആര്‍ മദലഗോപാല്‍, ഏരിയാ ലീഡര്‍ എ വി വാമന്‍കുമാര്‍ വിശിഷ്ടാതിഥികളായിരിക്കും. 2500 ലയണ്‍സ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. സ്ഥാനാരോഹണത്തോടൊപ്പം ഈ വര്‍ഷം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളായ 100അംഗണ്‍വാടികള്‍ക്ക് ഭൗതിക സാഹചര്യമുണ്ടക്കാന്‍ ഓരോ ലക്ഷം രൂപ നല്‍കും. 400 പേര്‍ക്കു കൃത്രിമ കാലുകള്‍ നല്‍കും. 100 പേര്‍ക്കു ഓർത്തോട്ടിക് ഉപകരണങ്ങൾ നല്‍കും. 30 നിര്‍ധനര്‍ക്കു വീടു നിര്‍മ്മിച്ചു നല്‍കും. സൗജന്യമായി ഹിയറിംഗ് ഡിവൈസ് വിതരണം ചെയ്യും. രണ്ടു മുതല്‍ ഏഴുവയസ്സുവരെയുള്ള കുട്ടികളെ മൊബൈല്‍ ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ടുണ്ടാവുന്ന വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താൻ പരിശോധന നടത്തി ചികിത്സ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ടൈറ്റസ് തോമസ്, കെ ശ്രീനിവാസ് ഷേണായി, കെ.ഗോപി,നവീന്‍ കുമാര്‍ എച്ച് വി, വി വേണുഗോപാല്‍, പി വി രാജേഷ്, മധുസൂദനന്‍ പങ്കെടുത്തു.







