ഇത് മനുഷ്യ സ്നേഹത്തിൻ്റെ കരുതൽ;ധന്യയ്ക്ക് താങ്ങായി കൂട്ടുകാരുടെ ക്രിസ്മസ് കരോള്‍


കാസർകോട്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആണൂരിലെ കെ.പി. ധന്യയ്ക്ക് കരുതലായി കൂട്ടുകാരുടെ ക്രിസ്മസ് കരോള്‍. ആണൂര്‍ യങ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളായ നികേഷ് , അലന്‍ , ആഷിഖ് , ദേവനന്ദ്, ആദിദേവ്, കാര്‍ത്തിക് എന്നിവരാണ് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടി നാട്ടുകാരുടെ അനുമോദനം നേടിയത്. ആനന്ദ ഗീതങ്ങള്‍ പാടിയും ക്രിസ്തു ദേവനെ സ്തുതിച്ചും ഗ്രാമവീഥികളിലൂടെ   ക്രിസ്മസ് ദിന സന്ദേശം പരത്തി അവതരിപ്പിച്ച കരോള്‍ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.  സാന്താക്ലോസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ്  ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ രണ്ടു ദിവസം  വീടുകള്‍ കയറിയിറങ്ങിയ ആറംഗ സംഘം സ്വരൂപിച്ച തുക മുഴുവനും ചികിത്സാ സഹായ കമ്മിറ്റിയെ ഏല്‍പിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ , ടി.വി. വിനോദ് എന്നിവര്‍ ഏറ്റു വാങ്ങി.  ട്രഷറി ഓഫീസര്‍ പാലക്കുന്നിലെ ഒ.ടി. ഗഫൂറിന്റെ മക്കളായ റന്‍സിന്‍,റസ്ലിം എന്നിവര്‍ ദീര്‍ഘ നാളായി സമ്പാദ്യക്കുടുക്കയില്‍ നിക്ഷേപിച്ച മുഴുവന്‍ പണവും ധന്യയുടെ ചികിത്സയ്ക്കായി നല്‍കി. നാട്ടു വെളിച്ചം വാട്‌സ്ആപ്പ് കൂട്ടായ്മ, ഏച്ചിക്കൊവ്വല്‍, ഏച്ചിക്കുളങ്ങര സി.പി.എം. ബ്രാഞ്ചുകള്‍, ഗുഡ്‌സ് ഓട്ടോ തൊഴിലാളി (സി.ഐ. ടി.യു) കാലിക്കടവ്, എ.ബി.സി. കാലിക്കടവ്, ഗ്രാമീണ വായനശാല ഏച്ചിക്കൊവ്വല്‍ , പാട്ടിയമ്മ എ.യു.പി. സ്‌കൂള്‍ 1997 ഏഴാം തരം കൂട്ടായ്മ , കാസര്‍കോട് ട്രഷറി കൂട്ടായ്മ , ആണൂര്‍ കിഴക്ക് നന്മ പുരുഷ സ്വയം സഹായ സംഘം എന്നിവര്‍ സ്വരൂപിച്ച തുക ചികിത്സ സഹായകമ്മിറ്റിയ്ക്ക് കൈമാറി. ടി.വി. വിനോദ്, കൊടക്കാട് നാരായണന്‍ ,എം. അമ്പൂഞ്ഞി , കെ.രമേശന്‍, സജിത്ത്കുമാര്‍ ആണൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ തുക ഏറ്റു വാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page