മദ്യലഹരിയില്‍ ടയര്‍ ഊരിപ്പോയിട്ടും അറിഞ്ഞില്ല; യുവാവ് ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചത് 10 വാഹനങ്ങളെ


ആലപ്പുഴ : ചേര്‍ത്തലയില്‍ മദ്യലഹരിയില്‍ മുന്നില്‍ ഇടതുഭാഗത്തെ ടയര്‍ ഇല്ലാത്ത കാറോടിച്ച്‌ യുവാവിന്റെ പരാക്രമം.അപകടകരമായി കാറോടിച്ച്‌ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. 11പേര്‍ക്ക് പരിക്കേറ്റു. അപകടംവരുത്തിയ പ്രതി ഉദയനാപുരം പുത്തൻവീട് ദീപൻനായരെ (28) ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ഇരുചക്ര വാഹനങ്ങളും രണ്ട് കാറുകളും ഒരു ഓട്ടോറിക്ഷയുമടക്കം 11 വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തായിരുന്നു യുവാവിന്റെ കാറോട്ടം.വാരനാട് കവലയ്ക്കുസമീപം മറ്റൊരു കാറിലിടിച്ചു നിന്ന വാഹനത്തില്‍ നിന്ന് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ദീപൻനായരെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 11.30മുതല്‍ 12.30 വരെയായിരുന്നു നാടിനെ വിറപ്പിച്ച കാറോട്ടം. അരൂരില്‍ ഒരു വാഹനത്തില്‍ ഇടിച്ച ശേഷം കാര്‍ അരൂക്കുറ്റി റൂട്ടിലേക്കു കടന്ന വിവരം അറിഞ്ഞ് പൂച്ചാക്കല്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ പൊലീസുകാര്‍ വാഹനം തടയാൻ ശ്രമിച്ചെങ്കിലും പാഞ്ഞടുത്ത വാഹനം നിറുത്താതെ പോയി. ഓടിമാറിയ പൊലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.പൊലീസ് വാഹനത്തില്‍ പിന്തുടരുമ്പോഴും ആളുകളെയും വാഹനങ്ങളെയും ഇടിച്ചിട്ട് കാര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. ചേര്‍ത്തല – തണ്ണീര്‍മുക്കം റോഡിലേക്ക് പ്രവേശിച്ച കാര്‍ വാരനാട് കവലയ്ക്ക് സമീപം മറ്റൊരു കാറില്‍ ഇടിച്ചുനിന്നപ്പോള്‍ പുറത്തിറങ്ങിയ ദീപൻനായര്‍ നാട്ടുകാര്‍ക്കും പൊലീസിനും നേരെ പാഞ്ഞടുത്ത് അക്രമിക്കാൻ ശ്രമിച്ചു.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page