കാഞ്ഞങ്ങാട്: 5 ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അജാനൂര്‍ തെക്കുപുറം സ്വദേശി ലാവാ സമീര്‍ എന്ന ടി എം സമീര്‍ (39) നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി. 2021 മുതല്‍ ഹൊസ്ദുര്‍ഗ്, കുമ്പള, രാജപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ മയക്കുമരുന്ന്, നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, എംഡിഎംഎ വില്‍പ്പന, കൈവശം വെക്കല്‍ തുടങ്ങി 5 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍. 31.2 കിലോ ഗ്രാം തൂക്കം വരുന്ന കഞ്ചാവ് വില്‍പനക്കായി കടത്തിയ സംഭവത്തില്‍ കുമ്പള പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സമീറിനെ ഇതിനുമുന്‍പ് 2015, 2025 വര്‍ഷങ്ങളിലായി രണ്ട് തവണ ജില്ലാ കളക്ടര്‍ കാപ്പാ ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി പി നിധിന്‍രാജിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി എംവി അനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെപി ഷൈന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെപി രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ്, ജയരാജ്, സിവില്‍ പൊലീസ് ഓഫീസര്‍ പി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.







