കാസര്‍കോട്ടെ ഗതാഗതക്കുരുക്ക്; ഒക്ടോ. 10 മുതല്‍ സ്വകാര്യ ബസുകള്‍ പഴയ ബസ് സ്റ്റാന്റ് ബഹിഷ്‌കരിക്കും

കാസര്‍കോട്: നഗരത്തിലെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗും
വഴിയോരക്കച്ചവടവും മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തില്‍ പഴയ ബസ് സ്റ്റാന്റ് ബഹിഷ്‌കരിക്കാന്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ട്രാഫിക് തടസ്സം പരിഹരിക്കാന്‍ 10ന് മുമ്പ് ഫലപ്രദമായ നടപടി ഉണ്ടായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ പുതിയ ബസ്സ്റ്റാന്റില്‍ സര്‍വ്വീസ് അവസാനിപ്പിക്കുമെന്ന് യോഗം മുന്നറിയിച്ചു. പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ മുതല്‍ തുടങ്ങുന്ന ഗതാഗതക്കുരുക്ക് സുല്‍ത്താന്‍
ഗോള്‍ഡ്, ശോഭിക വെഡ്ഡിംഗ്‌സ്, പുലിക്കുന്ന് റോഡിലുള്ള മെഡിക്കല്‍ ഷോപ്പ് സമുച്ചയം വരെ ദുസ്സഹമാണെന്നു ബസുടമാ സംഘം ചൂണ്ടിക്കാട്ടി. ഇവിടെ വാഹനങ്ങളുടെ സ്ഥിരം പാര്‍ക്കിംഗും ഫുട്പാത്തിലെ കച്ചവടവുമാണ്.
പള്ളിയുടെ മുന്‍വശം മുതല്‍ ഉന്തുവണ്ടികള്‍, വസ്ത്ര വ്യാപാരികള്‍, ഫ്രൂട്‌സ് വ്യാപാരികള്‍ എന്നിങ്ങനെ ബദരിയ ഹോട്ടലിന്റെ മുന്‍വശം വരെ റോഡില്‍ നിരനിരയായി വഴിയോരക്കച്ചവടക്കാരാണ്. തെരുവ് കച്ചവടത്തിന് പുറത്തായി പള്ളിയുടെ മുന്‍വശം മുതല്‍ സുല്‍സണ്‍ വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനായി മുനിസിപ്പാലിറ്റി തന്നെ റോഡില്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത് നല്‍കിയിട്ടുമുണ്ട്.
തലപ്പാടി, മധൂര്‍ ബസ് ബേകളില്‍ ഓട്ടോറിക്ഷകള്‍ കൊണ്ടു വന്ന് നിര്‍ത്തി യാത്രക്കാരെ വിളിച്ചു കയറ്റി സര്‍വ്വീസ് നടത്തുന്നു. താലൂക്ക് ഓഫീസ് പരിസരം മുതല്‍ കറന്തക്കാട് ജംഗ്ഷന്‍ വരെ റോഡരികില്‍ തന്നെയാണ് വാഹനങ്ങളുടെ പാര്‍ക്കിംഗ്. ബീച്ച് റോഡ്, വിനയ മെഡിക്കല്‍സ് എന്നിവയുടെ മുന്‍വശം രൂക്ഷമായ ഗതാഗതക്കുരുക്കാണ്്.

വഴിയോരക്കച്ചവടക്കാര്‍ക്കായി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 28 കടമുറികള്‍
നഗരസഭ നിര്‍മ്മിച്ചു നല്‍കിയെങ്കിലും പഴയ ബസ് സ്റ്റാന്റ് പരിസരത്തെ കൈയ്യേറ്റങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല. ജനത്തിരക്കേറിയ ഫിര്‍ദൗസ് ബസാര്‍ റോഡ് മുതല്‍ പ്ലാവിന്റെ അടി വരെയുള്ള ഭാഗത്തേക്ക് വരുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ബദരിയ ഹോട്ടലിന് മുന്‍വശത്തായി ഒരു ബസ് സ്റ്റോപ്പ് അനുവദിക്കേണ്ടതാണ്.
റോഡിലെ തടസ്സങ്ങള്‍ നീക്കി ഗതാഗതം സുഗമമാക്കാന്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നും, ഒക്ടോബര്‍ 10 നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പുതിയ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ്
അവസാനിപ്പിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഗിരിഷ്, താലൂക്ക് പ്രസിഡണ്ട് കെ എന്‍
ബാലകൃഷ്ണന്‍, സെക്രട്ടറി സി എ മുഹമ്മദ് കുഞ്ഞി, രാധാകൃഷ്ണ എസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page