ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; യുവതി ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായെന്ന് കുടുംബം



കോട്ടയം: കോട്ടയം അതിരമ്പുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ്  അറസ്റ്റ് ചെയ്തു.ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഇരുപത്തി നാലു വയസു മാത്രം പ്രായമുള്ള ഷൈമോള്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവായ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല സ്വദേശി അനില്‍ വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍തൃവീട്ടില്‍ ഷൈമോള്‍ക്ക് ശാരീരിക മാനസിക പീഡനങ്ങളേറ്റിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാൻ പേടിയാണെന്ന് ഷൈമോള്‍ അവസാനമായി തന്‍റെ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് പറഞ്ഞിരുന്നു. അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവറായ അനില്‍ വര്‍ക്കിക്ക് 26 വയസാണ് പ്രായം. നാലു വര്‍ഷം മുമ്പാണ് അനില്‍  ഷൈമോളെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ഏറെ നാളായി അനില്‍ നിരന്തരം ഷൈമോളെ ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഷൈമോളുടെ കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഷൈമോള്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചത് പീഡനം സഹിക്കാതെയാണെന്നും പരാതി ഉയര്‍ന്നിരുന്നു. ഷൈമോളുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page