കാഞ്ഞങ്ങാട്: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയില്‍ സണ്‍റൈസ് ഹോസ്പിറ്റലും പങ്കാളികളായി. ഹോസ്പിറ്റലിന് റോട്ടറി ക്ലബ്ബ് പ്രത്യേക ആദരം നല്‍കി. കേരള പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സഹകരണത്തോടെ റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാട് നടപ്പിലാക്കിയ ‘മൈ സിറ്റി ആക്‌സിഡന്റ് ഫ്രീ സിറ്റി’ ക്യാമ്പയിനില്‍ പങ്കെടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തതിനാണ് പ്രശംസാപത്രം സമ്മാനിച്ചത്.
പരിപാടിയുടെ ഭാഗമായി അപകട ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട അടിയന്തര ജീവന്‍രക്ഷാ രീതികളെക്കുറിച്ച് ഡോ.അരവിന്ദ് പ്രത്യേക ബോധവല്‍ക്കരണ സെഷന്‍ നയിച്ചു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാകുന്ന പ്രഥമശുശ്രൂഷാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.കെ സോണിമോള്‍ റോട്ടറി ക്ലബ്ബ് പ്രതിനിധികളില്‍ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി. പദ്ധതിയുടെ വിജയത്തിന് മാനേജിംഗ് ഡയറക്ടര്‍ ഡോ.രാഘവേന്ദ്ര പ്രസാദ് ആശംസകള്‍ അറിയിച്ചു.








